
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. രാഹുലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ., യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്. ഇത് സതീശനെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയ അവസ്ഥയിലാക്കി.
നിയമസഭയിൽ പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയ സതീശൻ, രാഹുൽ യു.ഡി.എഫിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, രാഹുലിന് നിയമസഭയിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നാണ് സണ്ണി ജോസഫും അടൂർ പ്രകാശും പറയുന്നത്. പഴയ 'എ' വിഭാഗക്കാരാണ് രാഹുലിന് വേണ്ടി ശക്തമായി നിലകൊള്ളുന്നത്. ഷാഫി പറമ്പിൽ എം.പി., പി.സി. വിഷ്ണുനാഥ് എം.എൽ.എ., മുൻ കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസൻ എന്നിവരും പരസ്യമായി രാഹുലിന് പിന്തുണ നൽകി.
രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കർ
രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് രാഹുലിനെ മാറ്റിനിർത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. പ്രതിപക്ഷ ബ്ലോക്കിന് പിന്നിലായി ഒരു പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
രാഹുലിന് സഭയിൽ വരാൻ തടസ്സങ്ങളൊന്നുമില്ല. എന്നാൽ, സഭ നിർത്തിവെച്ചുള്ള ചർച്ചകളിൽ അദ്ദേഹത്തിന് അവസരം ലഭിക്കില്ല. സഭയിൽ പങ്കെടുക്കണോ എന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടത്. രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിവരം പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ അവധി അപേക്ഷയൊന്നും നൽകിയിട്ടില്ല.
ഇന്ന് കെ.പി.സി.സി. നേതൃയോഗം
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ച ചെയ്യാൻ കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും യോഗം ഇന്ന് രാവിലെ 10-ന് ഇന്ദിരാഭവനിൽ ചേരും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ഇപ്പോൾ അടൂരിലെ വീട്ടിലാണുള്ളത്. രാഹുലിനെ സഭയിലെത്തിക്കാൻ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവർ ശ്രമിക്കുന്നുണ്ട്.











