03:39am 10 November 2026
NEWS
മൂന്നു ജില്ലകളിൽ ബിജെപി ഉയർത്തുന്നത് വലിയ വെല്ലുവിളി; സ്ഥാനാർത്ഥികളാകേണ്ടത് ഈ നേതാക്കൾ; തദ്ദേശം പിടിക്കാൻ കോൺ​ഗ്രസിന്റെ രഹസ്യ സർവെ റിപ്പോർട്ട്
16/05/2025  03:50 PM IST
nila
മൂന്നു ജില്ലകളിൽ ബിജെപി ഉയർത്തുന്നത് വലിയ വെല്ലുവിളി; സ്ഥാനാർത്ഥികളാകേണ്ടത് ഈ നേതാക്കൾ; തദ്ദേശം പിടിക്കാൻ കോൺ​ഗ്രസിന്റെ രഹസ്യ സർവെ റിപ്പോർട്ട്

തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു ജില്ലകളിൽ പാർട്ടി വലിയ വെല്ലുവിളി നേരിടുമെന്ന് കോൺ​ഗ്രസിന്റെ രഹസ്യ സർവെ. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കോൺ​ഗ്രസ് വലിയ വെല്ലുവിളി നേരിടുന്നത്. ഈ ജില്ലകളിൽ ബിജെപിയുടെ വളർച്ച വളരെ വേ​ഗത്തിലാണെന്നും സർവെ വിലയിരുത്തുന്നു. ജാ​ഗ്രതയോടെയുള്ള പ്രവർത്തനം ആവശ്യമാണെന്ന് നിർദ്ദേശിക്കുന്ന പഠനറിപ്പോർട്ടിൽ, സംഘടനാ ദൗർബല്യം മനസിലാക്കി തിരുത്തിയില്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. സ്വകാര്യ ഏജൻസിയെയാണ് കോൺ​ഗ്രസ് സർവേക്കായി നിയോ​ഗിച്ചിരുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി പ്രവർത്തിക്കണമെന്നാണ് പഠന റിപ്പോർട്ടിൽ ഏജൻസി വ്യക്തമാക്കുന്നത്. പ്രാദേശിക നേതാക്കൾ പൊതുജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തണം. പ്രദേശത്തെ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെ വേണം സ്ഥാനാർത്ഥികളാക്കാനെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ ഏജൻസി നൽകിയ ഈ റിപ്പോർട്ട് വച്ചാണ് ഡൽഹിയിലെത്തിയ കെപിസിസിയുടെ പുതിയ നേതൃത്വവുമായി ഹൈക്കമാൻഡ് ചർച്ച ചെയ്തത്. 

വാർഡുകളിലെ ഓരോ വീടിനെക്കുറിച്ചും സമഗ്ര വിവരങ്ങൾ അടങ്ങിയ സർവേ നടത്തി വീടുകയറി ബന്ധങ്ങൾ ദൃഢമാക്കാൻ കെപിസിസി തീരുമാനിച്ചിരുന്നു. എന്നാൽ, കുടുംബ സംഗമങ്ങൾക്ക് അപ്പുറത്തേക്കു കാര്യങ്ങൾ കടന്നിട്ടില്ല. വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരവും ഉൾപ്പെടുത്തിയ കുടുംബ റജിസ്റ്റർ യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിൽ വരുത്തേണ്ടതുണ്ട്. മാസത്തിൽ ഒരു തവണ എങ്കിലും ഒരു വീട്ടിൽ വാർഡ് കമ്മിറ്റി അംഗങ്ങൾ എത്തും. സോഷ്യൽ എൻജിനീയറങ്ങിന്റെ ഭാഗമായി വിവിധ സാമൂഹിക ഗ്രൂപ്പുകളുമായി ഊഷ്മള ബന്ധം സ്ഥാപിക്കണമെന്നും താഴെത്തട്ടിൽ കർശന നിർദേശമുണ്ട്.

പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വികസനരേഖയും പ്രതിപക്ഷത്ത് ഇരിക്കുന്നയിടങ്ങളിൽ കുറ്റപത്രവും തയാറാക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാനുള്ള ബ്ലോക്ക്, വാർഡ്‌തല ശിൽപശാലകൾ പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ വാർഡ് പുനർവിഭജനം പൂർത്തിയാകുമെന്നാണ് കണക്കുക്കൂട്ടൽ. സ്ഥാനാർഥികളെ തീരുമാനിക്കാൻ വാർഡ് കമ്മിറ്റികൾക്കു പൂർണ സ്വാത്രന്ത്ര്യം നൽകിയുള്ള കെപിസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ ഇതിനുശേഷമുണ്ടാകും. 

അതേസമയം, കോൺ​ഗ്രസിനുള്ളിലെ വിഭാ​ഗീത തീർക്കുക എന്നതാണ് പാർട്ടി നേരിടുന്ന പ്രദാന വെല്ലുവിളി. കോൺ​ഗ്രസിനുള്ളിൽ ​ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും സജീവമാകുകയാണ്. ഇത് സ്ഥാനാർത്ഥി നിർണയം മുതൽ വിജയം വരെയുള്ള ഘടകങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്കയും ഒരു വിഭാ​ഗം നേതാക്കൾ പങ്കുവെക്കുന്നുണ്ട്. അതേസമയം, പുതിയ കെപിസിസി നേതൃത്വം എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img