05:53pm 11 November 2026
NEWS
സ്റ്റേഡിയം നവീകരണത്തില്‍ കരാറില്ലെന്നത് വ്യക്തം സിപിഎമ്മിനും സാമ്പത്തിക ലാഭമെന്ന് കോണ്‍ഗ്രസ്
29/10/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്റ്റേഡിയം നവീകരണത്തില്‍ കരാറില്ലെന്നത് വ്യക്തം സിപിഎമ്മിനും സാമ്പത്തിക ലാഭമെന്ന് കോണ്‍ഗ്രസ്

കൊച്ചി: സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നതല്ലാതെ യാതൊരുവിധ കരാറും ഒപ്പു വച്ചിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന്‍ എംപി. നവീകരണത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാതെ കായിക മന്ത്രി ബോള്‍ ജിസിഡിഎയ്ക്കും, ജിസിഡിഎ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനിലേക്കും, ഫൗണ്ടഷന്‍ സ്‌പോണ്‍സറിലേക്കും തട്ടിക്കളിക്കുന്നതല്ലാതെ മറ്റൊന്നും വ്യക്തമാക്കുന്നില്ലെന്നും, എഴുപത് കോടി രൂപ എങ്ങനെയാണ് ചിലവഴിക്കുന്നതെന്ന് അവ്യക്തമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിാസിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

വിദഗ്ധരുടെ അഭിപ്രായപ്രകാരം നിലവില്‍ സ്റ്റേഡിയത്തില്‍ 25 കോടി രൂപയുടെ ജോലികള്‍ മാത്രമെ ഉള്ളൂ എന്നിരിക്കെ എഴുപത് കോടിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.? ജിസിഡിഎയുടെ കരാര്‍ പ്രകാരം സ്റ്റേഡിയം പെയിന്റിംഗ് പൂര്‍ത്തികരിച്ച സ്ഥലത്താണ് സ്‌പോണ്‍സര്‍ വീണ്ടും പെയിന്റ് അടിച്ചിരിക്കുന്നത്. നിലവിലുള്ള കരാറുകാരെ പിരിച്ചു വിട്ടാണ് അനധികൃതമായി സ്റ്റേഡിയം കൈമാറിയത്. നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തികള്‍ക്കായി ഏതു തരം മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത് എന്നതടക്കം പരിശോധിക്കാന്‍ ആളില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമീപ പ്രദേശത്തെ ആളുകളുടെ പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രിയെ വരെ തെറ്റിധരിപ്പിച്ചാണ് ഈ പദ്ധതിക്കായി കായിക മന്ത്രി പിന്തുണ നല്‍കിയതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. 

കരാര്‍ വെക്കാത്ത സാഹചര്യത്തില്‍ കളിയുടെ മറ്റു വരുമാനങ്ങളില്‍ ജിസിഡിഎയ്ക്ക് എന്തെങ്കിലും വരുമാനമുണ്ടോ. നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ആര് ഏറ്റെടുക്കും.?, നിര്‍മ്മാണ പ്രവര്‍ത്തനത്തെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും, ചട്ടങ്ങള്‍ പാലിക്കാതെയുള്ള നീക്കത്തെയാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായിക മന്ത്രി വിവാദങ്ങളില്‍ നിന്നും ഒളിച്ചോടാതെ വ്യക്തമായ മറുപടി പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. ജിസിഡിഎയിലെ ജീവനക്കാര്‍ക്കോ ഉദ്യോഗസ്ഥരോ പോലും അറിയാതെയാണ് സ്‌റ്റേഡിയത്തിന്റെ നവീകരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെസിയെ മുടക്കിയത് കോണ്‍ഗ്രസാണെന്നും, മത്സരം മുടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും സിപിഐഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ സിപിഎമ്മിന് കൃത്യമായ സാമ്പത്തിക താല്‍പര്യം ഉണ്ട് എന്ന് വ്യക്തമാക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജിസിഡിഎ യോഗത്തിന് മുന്നോടിയായി സിപിഎം ഓഫീസില്‍ ഫ്രാക്ഷന്‍ കമ്മിറ്റി ചേര്‍ന്നത് ഇത് വയക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വെറും കയ്യോടെ പോയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിക്ക് പിന്നില്‍ ദുരുദ്ദേശ പരമായ നടപടികളാണ് സംഭവിക്കുന്നത്. ജാള്യത മറക്കാനുള്ള സിപിഎം നീക്കമാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെന്നും ഷിയാസ് പറഞ്ഞു. 

സമാന പ്രവര്‍ത്തികളില്‍ മുന്‍ പരിജയമില്ലാത്തയാളെ സ്‌പോണ്‍സറാക്കിയതിന് പിന്നില്‍ ചില കൊടുക്കല്‍ വാങ്ങലുകളാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും ഇല്ലാത്ത സ്‌പോട്‌സ് കേരള ഫൗണ്ടേഷന്റെ കള്ളത്തരത്തില്‍ മന്ത്രി വി അബ്ദുറഹിമാനും പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡറെടുത്ത് മറിച്ചു നല്‍കുന്ന ഇടനിലക്കാര്‍ മാത്രമാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെന്നും, പിന്നില്‍ വലിയ സാമ്പത്തിക തട്ടിപ്പാണ് സംഭവിച്ചതെന്നും ഷിയാസ് പറഞ്ഞു. 

സ്‌പോണ്‍സറുമായി കരാറില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എങ്ങനെയാണ് കരാര്‍ മറിച്ചു നല്‍കിയതെന്നും, അതിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്നും വ്യക്തമാക്കണമെന്നും, ഫുട്‌ബോള്‍ അസോസിയേഷനുകള്‍ പോലും അറിയാതെ നടത്തിയ തട്ടിപ്പ് സിപിഎം കൂടി പങ്കാളികളായി നടത്തിയതാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img