
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് കോൺഗ്രസ് വിശദമായ മറുപടി നൽകി. ഖർഗെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണസന്ദർഭം പൊതുജനങ്ങൾക്ക് ലഭ്യമായതാണെന്നും പാർട്ടി വ്യക്തമാക്കി.
പ്രസ്താവനയിൽ നിന്ന് ഒരു ഭാഗം മാത്രം വേർതിരിച്ച് എടുത്ത് പരാതി നൽകിയത് ഗൂഢലക്ഷ്യത്തോടെ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. മറുപടി നൽകാൻ വെറും 24 മണിക്കൂർ സമയം മാത്രമാണ് അനുവദിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിശദമായ മറുപടി നൽകുന്നതിനായി ഒരു ആഴ്ച കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനൊപ്പം, ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങളെ കമ്മീഷൻ അവഗണിച്ചുവെന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും, വോട്ടിന് പകരമായി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുവെന്നും പാർട്ടി ആരോപിച്ചു. കമ്മീഷൻ ഉദ്യോഗസ്ഥരുടെ നടപടി ഭീഷണിപരമാണെന്നും കോൺഗ്രസ് വിമർശിച്ചു.
പ്രധാനമന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തെ തുടർന്നാണ് ഖർഗെയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. കേന്ദ്രമന്ത്രിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തമിഴ്നാട് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം വിമർശിക്കുന്നതിനിടെയാണ് ഖർഗെയുടെ പരാമർശം ഉണ്ടായത്.
വിവാദം ഉയർന്നതിനെ തുടർന്ന് ഖർഗെ വിശദീകരണം നൽകിയിരുന്നു. പ്രധാനമന്ത്രിയെ വ്യക്തിപരമായി ‘തീവ്രവാദി’ എന്ന് വിളിച്ചിട്ടില്ലെന്നും, രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്ന ശൈലിയെയാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും ഖർഗെ വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉപയോഗം വഴി പ്രതിപക്ഷത്തെ സമ്മർദത്തിലാക്കുന്ന സാഹചര്യത്തെ വിമർശിക്കാനായിരുന്നു ആ വാക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










