07:08pm 09 November 2026
NEWS
വൈദികര്‍ക്ക് നേരെയുള്ള ആര്‍എസ്എസ് ആക്രമണം കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു
03/06/2025  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൈദികര്‍ക്ക് നേരെയുള്ള ആര്‍എസ്എസ് ആക്രമണം കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു

കൊച്ചി: വൈദികര്‍ക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. വ്യാജ ആരോപണങ്ങളുടെ പേരില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ ആര്‍എസ്എസും, സംഘപരിവാറും നടത്തുന്ന ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എംഎല്‍എ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദിവാസി മേഖലകളിലടക്കം സേവനം നല്‍കുന്ന ക്രിസ്ത്യല്‍ മിഷനറിമാരെ ആക്രമിക്കുന്നതിന് പൊലീസും, അധികാരികളും സംഘപരിവാറിന് പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചത്തീസ്ഗഡ്, ഒറീസ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെട്ട മലയാളി വൈദികരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ വൈദികര്‍ക്ക് മനസമാധാനത്തോടെ തിരുവസ്ത്രം അണിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇതിലൂടെ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളാണ് ഇല്ലാതാകുന്നതെന്നും ആക്രമണത്തിനിരയാകുന്ന വൈദികര്‍ക്ക് പിന്തുണ ഉറപ്പാക്കുകയും, ശക്തമായ പ്രതിരോധം തീര്‍ക്കാനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസും സംഘപരിവാറും ആട്ടിന്‍ തോലിട്ട ചെന്നായയുടെ വേഷത്തിലാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെടണമെന്നും ക്രൈസ്തവരോട് സൗഹൃദം നടിച്ച് അവര്‍ക്കെതിരായി അക്രമം അഴിച്ചുവിടുന്ന ക്രൂരതയാണ് രാജ്യത്ത് അരങ്ങേറുന്നത്. ഇത്തരം പദ്ധതികള്‍ കേരളത്തിലും നടപ്പാക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും വിദ്വേഷം കലര്‍ന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തരേന്ത്യയില്‍ സേവനത്തിനായെത്തുന്ന മിഷണറിമാര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു. ഈമാസം 6,8 തീയ്യതികളില്‍ ജില്ലയിലെ 2335 ബൂത്തുകളിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള മാസീവ് വോട്ടേഴ്‌സ് ഡ്രൈവ് സംഘടിപ്പിക്കും. ഏകപക്ഷീയമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിനെതിരെ യുഡിഎഫ് നല്‍കിയ പരാതികള്‍ അവഗണിച്ചത് ജില്ലയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് യോഗം കുറ്റപ്പെടുത്തി. 

കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, നേതാക്കളായ കെ പി ധനപാലന്‍, പി ജെ ജോയ്, ജയ്‌സണ്‍ ജോസഫ്, കെ പി ഹരിദാസ്, കെ ബി മുഹമ്മദ് കുട്ടി, ലൂഡി ലൂയിസ്, ഐ കെ രാജു, കെ എം സലിം, എം ആര്‍ അഭിലാഷ്, ടോണി ചമ്മിണി, ബാബു പുത്തനങ്ങാടി, സിപി ജോയ്, എംപി രാജന്‍, സുനില സിബി തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img