
ന്യൂഡൽഹി: കോൺഗ്രസിന് ലഭിക്കുന്ന വൻകിട സംഭാവനകളിൽ വൻ ഇടിവ്. 20,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന സംഭാവനകളുടെ കണക്കിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏകദേശം 75 ശതമാനത്തിന്റെ കുറവുണ്ടായത്. 2025-26 സാമ്പത്തിക വർഷത്തിൽ 130.69 കോടി രൂപ മാത്രമാണ് ഈ വിഭാഗത്തിൽ പാർട്ടിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സംഭാവനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ ഇതേ വിഭാഗത്തിൽ കോൺഗ്രസിന് ലഭിച്ചത് 517.39 കോടി രൂപയായിരുന്നു. ഒരു വർഷത്തിനിടെ 386.70 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2015-16 സാമ്പത്തിക വർഷത്തിനു ശേഷം സംഭാവനയിൽ ഇത്ര വലിയ ഇടിവ് പാർട്ടി നേരിട്ടിട്ടില്ല. 2014-15നെ അപേക്ഷിച്ച് 86 ശതമാനത്തോളം കുറവുണ്ടായതിനെ തുടർന്ന് 2015-16ൽ സംഭാവന 141.46 കോടി രൂപയായി താഴ്ന്നിരുന്നു.
പുതിയ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നുള്ള സംഭാവന കുറഞ്ഞതാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ ട്രസ്റ്റിൽ നിന്നുള്ള സഹായത്തിൽ ഏകദേശം 88 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ സംഭാവനാ കണക്കിൽ കോൺഗ്രസിന് സംഭാവന നൽകിയതായി രേഖപ്പെടുത്തിയിട്ടുള്ള ഏക ഇലക്ടറൽ ട്രസ്റ്റും പ്രുഡന്റാണ്.
കോർപ്പറേറ്റ്, വ്യക്തിഗത സംഭാവനകളിലും ചില പ്രമുഖരുടെ പേരുകൾ റിപ്പോർട്ടിലുണ്ട്. സ്റ്റാർ സിമന്റ് അഞ്ച് കോടി രൂപയും സജ്ജൻ ഭജൻക നാല് കോടി രൂപയും പ്രേം കുമാർ ഭജൻക രണ്ട് കോടി രൂപയും പാർട്ടിക്ക് സംഭാവന നൽകി.
മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2020-21ൽ 74.52 കോടി രൂപയും 2021-22ൽ 95.46 കോടി രൂപയും 2022-23ൽ 79.92 കോടി രൂപയുമായിരുന്നു കോൺഗ്രസ് വെളിപ്പെടുത്തിയ സംഭാവനകൾ. എന്നാൽ, ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച തുക ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബോണ്ട് സംവിധാനം നിലവിലുണ്ടായിരുന്ന കാലത്ത് അതുവഴിയുള്ള വരുമാനം പ്രത്യേകം റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ, എല്ലാ വരുമാന മാർഗങ്ങളും പരിഗണിക്കുമ്പോൾ 2020-21നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഭാവനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കോൺഗ്രസിന് ലഭിച്ചതെന്നാണ് വിലയിരുത്തൽ.
അതേസമയം, 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ കണക്ക് മാത്രം പരിശോധിച്ച് പാർട്ടിയുടെ മൊത്തം വരുമാനത്തിൽ ഇടിവുണ്ടായെന്ന് വിലയിരുത്താനാകില്ല. ചെറിയ തുകകളിലുള്ള സംഭാവനകൾ, അംഗത്വ ഫീസ് തുടങ്ങിയവയും പാർട്ടിയുടെ വരുമാനത്തിന്റെ ഭാഗമാണ്. 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകൾ പുറത്തുവന്നിട്ടില്ലാത്തതിനാൽ കോൺഗ്രസിന്റെ ആകെ സാമ്പത്തിക സ്ഥിതി വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം.
സംഭാവനയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തരം വളരെ വലുതാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളായി ബിജെപിക്ക് ലഭിച്ചത് 6,074.02 കോടി രൂപയാണ്. കഴിഞ്ഞ 12 സാമ്പത്തിക വർഷങ്ങളിലെ കണക്കുകളിലും സംഭാവനയുടെ കാര്യത്തിൽ ബിജെപി കോൺഗ്രസിനെ പിന്നിലാക്കിയിട്ടില്ല. എന്നാൽ, 2025-26 സാമ്പത്തിക വർഷത്തെ ബിജെപിയുടെ സംഭാവനാ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.










