02:34am 29 July 2026
NEWS
പദവികൾ മാത്രം സ്വപ്നം കണ്ട് നെട്ടോട്ടം ഓടുന്നവർക്ക് ഒരു സാധാരണ കോൺഗ്രസുകാരിയുടെ ഹൃദയ വേദന ഉൾകൊള്ളാൻ കഴിയാത്തത് സ്വാഭാവികം മാത്രം; കോൺ​ഗ്രസിലെ തർക്കം പരസ്യപ്രതികരണത്തിലേക്ക്
09/01/2026  05:11 AM IST
nila
പദവികൾ മാത്രം സ്വപ്നം കണ്ട് നെട്ടോട്ടം ഓടുന്നവർക്ക് ഒരു സാധാരണ കോൺഗ്രസുകാരിയുടെ ഹൃദയ വേദന ഉൾകൊള്ളാൻ കഴിയാത്തത് സ്വാഭാവികം മാത്രം; കോൺ​ഗ്രസിലെ തർക്കം പരസ്യപ്രതികരണത്തിലേക്ക്

കോഴിക്കോട്: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാറോപ്പടി വാർഡിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് പരാജയപ്പെട്ടതിനു പിന്നാലെ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം ശക്തമാകുന്നു. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തന്നെ വ്യക്തിപരമായും കുടുംബപരമായും ലക്ഷ്യമിടുന്നതാണെന്ന് ആരോപിച്ച് മുതിർന്ന കൗൺസിലർ കെ.സി. ശോഭിത രംഗത്തെത്തി.

ഒരു നേതാവിന്റെയും അനുയായിയായി പ്രവർത്തിച്ചിട്ടില്ലെന്നും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മൂല്യങ്ങൾ പിന്തുടർന്നാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയതെന്നും ശോഭിത വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും, തനിക്കെതിരായ നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സത്യമേവ ജയതേ....

കോർപറേഷൻ കൗൺസിലിൽ തുടർച്ചയായി നാലാം തവണയും പ്രതിനിധി ആവാൻ എനിക്ക് അവസരം നൽകിയ വോട്ടർമാരോട് ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ. ജയം സുനിശ്ചിതമായ വാർഡുകൾ തരപ്പെടുത്തിയല്ല മത്സരത്തിന് ഇറങ്ങിയത്. പാർട്ടി നിർദേശിച്ച വാർഡിൽ വെല്ലുവിളി ഏറ്റെടുത്ത്, പാർട്ടി പ്രവർത്തകരിലും പൊതു സമൂഹത്തിലും വിശ്വാസം അർപ്പിച്ചു രംഗത്തുവന്നപ്പോൾ നാട്ടുകാർ നൽകിയ പിന്തുണയാണ് എല്ലാം നിശ്ചയിച്ചത്.

ഇത്തവണ പാറോപ്പടി വാർഡിൽ കോൺഗ്രസ് തോറ്റത്തിൽ ഏറെ വേദനിക്കുന്ന പ്രവർത്തകയാണ് ഞാൻ. കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ പാറോപ്പടി മാത്രമല്ല, കോൺഗ്രസ് തോറ്റ മറ്റെല്ലാ വാർഡുകളിലെയും പരാജയം വേദനാജനകമാണ്. എന്നാൽ പാറോപ്പടി പരാജയം മാത്രം അന്വേഷിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് മനസിലാവുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ, അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ എന്നെയും കുടുംബത്തെയും വേട്ടയാടുന്ന, പാർട്ടിയിൽ ഇകഴ്ത്തി കാണിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വന്തം ബിസിനസുമായി കഴിയുന്ന എന്റെ ഭർത്താവ് പാർട്ടി പ്രവർത്തകനല്ല എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആയി വെക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം താല്പര്യമില്ല എന്ന് അറിയിച്ചിരുന്നു. പിന്നീട് നിർബന്ധിച്ചു വെച്ച ശേഷം, അവിടെ തോറ്റതിന് അദ്ദേഹത്തെ പഴി ചാരാൻ ശ്രമം നടക്കുകയാണ്. ഒട്ടേറെ പ്രശ്നങ്ങൾ അവഗണിച്ചാണ് 15 വർഷമായി കൗൺസിലർ ആയി പ്രവർത്തിക്കുന്നത്. വനിത എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ തരുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. കൗൺസിലിൽ സി.പി.എം ഭരണക്കാർ എടുത്ത തെറ്റായ തീരുമാനങ്ങൾക്കെതിരെ കടുമണി ഒത്തുതീർപ്പില്ലാതെ പോരാടിയപ്പോൾ ചുവപ്പ് കാർഡ് കാട്ടി റെഫറി കളിച്ച ചില നേതാക്കൾ തന്നെയാണ് ഇപ്പോൾ അന്വേഷണ നാടകവുമായി നിലവിളിക്കുന്നത്. കോൺഗ്രസ് തോറ്റ മറ്റു വാർഡുകളിൽ എന്താണ് പരാജയ കാരണം എന്ന് കണ്ടെത്താൻ ഇവർക്ക് താല്പര്യമില്ല. കാരണം ഇതിലെല്ലാം പ്രവീണ്യമുള്ള ചില നേതാക്കളുടെ പങ്കുണ്ട്.

പാർട്ടിയിൽ ഒറ്റപ്പെടുത്താനും പുകച്ചു പുറത്ത് ചാടിക്കാനും ഇവർ നടത്തുന്ന ശ്രമം പൊരുതി തോൽപ്പിച്ചേ പറ്റു. കാരണം ഞാൻ നേതാക്കളുടെ പെട്ടി തൂകി വന്ന ആളല്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അവിസ്മരണീയമായ പോരാട്ട പാത പിന്തുടർന്ന് കോൺഗ്രസിൽ എത്തിയ പ്രവർത്തകയാണ്. പദവികൾ മാത്രം സ്വപ്നം കണ്ട് നെട്ടോട്ടം ഓടുന്നവർക്ക് ഒരു സാധാരണ കോൺഗ്രസുകാരിയുടെ ഹൃദയ വേദന ഉൾകൊള്ളാൻ കഴിയാത്തത് സ്വാഭാവികം മാത്രം.…

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img