
തിരുവനന്തപുരം: സ്വന്തം അണികളെയും വർഷങ്ങളായി പാർട്ടിക്കായി വിറക് വെട്ടിയവരെയും വെള്ളം കോരിയവരെയും തഴഞ്ഞ്, മുൻ ഇടത് അനുഭാവിയായ ഉദ്യോഗസ്ഥന് നിയമസഭാ സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകാൻ നീക്കമെന്ന് ആക്ഷേപം. ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ആളെയാണ് നിയമസഭയിലേക്ക് നിയമിക്കാൻ കോൺഗ്രസ് അനുകൂല സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതൃത്വം തന്നെ ശുപാർശക്കത്ത് നൽകിയതാണ് ഇപ്പോൾ അണികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിരിക്കുന്നത്.
നിയമസഭാ സെക്രട്ടേറിയറ്റിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ആരോഗ്യവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി നിയമനം നടത്താൻ അഞ്ച് പേരുടെ എൻ.ഒ.സി (NOC) ലഭ്യമായിരുന്നു. ഇതിൽ നിന്നും രണ്ടു പേരെ നിയമിക്കാനുള്ള ഫയലിൽ ഒപ്പുവെച്ചതായും, 15 ന് (തിങ്കളാഴ്ച) രാവിലെ 11 മണിയോടെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചിരിക്കുന്നത്.
മുൻപ് പോലീസുകാരനായി സർവീസിൽ പ്രവേശിച്ച്, പിന്നീട് കഴിഞ്ഞ ആറ് വർഷമായി ഹെൽത്ത് ഇൻസ്പെക്ടറായി ജോലി നോക്കുന്നയാൾക്ക് കോൺഗ്രസ് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് (2024-ൽ) ഒന്നര വർഷക്കാലം ഇതേ നിയമസഭാ സെക്രട്ടേറിയറ്റിൽ ഇയാൾ ഡെപ്യൂട്ടേഷനിൽ ജോലി നോക്കിയിരുന്നു. അന്ന് ഇടത് സ്വാധീനത്തിൽ ഡെപ്യൂട്ടേഷൻ ഒപ്പിച്ചയാൾ, ഇത്തവണ നിയമനം ഉറപ്പാക്കാൻ വേണ്ടി തൊട്ടടുത്ത ആഴ്ചകളിൽ മാത്രമാണ് കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷനിൽ അംഗത്വമെടുത്തതെന്നാണ് ആക്ഷേപം.
നേതൃത്വത്തിന്റെ കത്തും അണികളുടെ പ്രതിഷേധവും
തൃശൂർ ജില്ലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് കുടുംബപരവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കാണിച്ച്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി 2026 മെയ് 22-ന് നിയമസഭാ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ നാടകമുണ്ടെന്നാണ് സാധാരണക്കാരായ പാർട്ടി പ്രവർത്തകർ പറയുന്നത്.
വർഷങ്ങളായി ദൂരദേശങ്ങളിൽ കഷ്ടപ്പെടുന്ന മറ്റ് നിരവധി കോൺഗ്രസ് അനുകൂല ജീവനക്കാരെയും, കെ.പി.സി.സി മുൻനിര നേതാക്കളും എം.എൽ.എമാരും ശുപാർശ ചെയ്ത അർഹരായ ഉദ്യോഗസ്ഥരെയും പൂർണ്ണമായി തഴഞ്ഞുകൊണ്ടാണ് ഈ 'അവസരവാദ' നിയമനമെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വിമർശനം ഉയരുന്നുണ്ട്. മുൻ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.










