
ന്യൂഡൽഹി: അമ്പത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ അഡ്രസ് മാറുന്നു. ഈ മാസം പതിനഞ്ചിനാണ് കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം. ഇതോടെ അക്ബർ റോഡ് 24 എന്ന കോൺഗ്രസിന്റെ പഴയ വിലാസം മാറും. ചരിത്രപരവും നിർണായകവുമായ പല തീരുമാനങ്ങളും ഈ കെട്ടിടത്തിൽവെച്ചാണ് കോൺഗ്രസ് കൈക്കൊണ്ടത്. പുതിയ ആസ്ഥാനത്തേക്ക് ജനുവരി 15-ന് മാറുമെന്ന് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ദിരാഗാന്ധി ഭവൻ എന്നാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര്.കോട്‌ല റോഡിലുള്ള 9എ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 15-ന് രാവിലെ പത്തു മണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍വ്വഹിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാകും ഉദ്ഘാടനം.
'കാലത്തിനനുസരിച്ച് മുന്നേറാനും പുതിയതിനെ സ്വീകരിക്കാനുമുള്ള സമയമാണിത്!' പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എക്‌സിൽ കുറിച്ചു. സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായിരുന്ന സമയത്താണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്.











