03:08pm 27 June 2026
NEWS
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യുടെ പോസ്റ്ററിൽ ഡിസിസി പ്രസിഡന്റ്

03/01/2025  06:17 PM IST
nila
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യുടെ പോസ്റ്ററിൽ ഡിസിസി പ്രസിഡന്റ്

കൽപറ്റ:നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തുന്ന ജനകീയ യാത്ര’യുടെ പോസ്റ്ററിൽ ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോയും. വയനാട് ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെയും പി വി അൻവറിന്റെയും ചിത്രമുള്ള പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.  ഇന്നു വൈകിട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പി വി അൻവർ അറിയിച്ചിരുന്നത്.  ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ആണെന്നും അറിയിച്ചിരുന്നു. എന്നാൽ, യാത്രയിൽ പങ്കെടുക്കരുതെന്ന് കെപിസിസി നേതൃത്വം അപ്പച്ചനു നിർദേശം നൽകിയെന്നാണു വിവരം.
 
തന്റെ അറിവില്ലാതെയാണ് അൻവർ ഇക്കാര്യങ്ങൾ ചെയ്തതെന്ന് എൻ ഡി അപ്പച്ചൻ പറഞ്ഞു. യുഡിഎഫുമായി അടുക്കാൻ അൻവർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഡിസിസി പ്രസിഡന്റിനെക്കൊണ്ടു യാത്ര ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ തത്കാലം അൻവറിനെ അടുപ്പിക്കേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനിടെ മുസ്‌ലിം ലീഗിലേക്കു ചേക്കേറാനും അൻവർ നീക്കം നടത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം ലീഗ് നേതാക്കളും അൻവറിനെതിരാണ്. 

വയനാട് ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് പി.വി.അൻവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യത്ര നടത്തുന്നത്. ഞായറാഴ്ച വൈകിട്ട് എടക്കരയിലാണു സമാപന സമ്മേളനം. കേരള വനനിയമ ഭേദഗതി ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിലാണു യാത്ര സംഘടിപ്പിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ കർഷകരുൾപ്പെടെയുള്ള സാധാരണക്കാർക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാകും പര്യടനമെന്നും അൻവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img