
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എംപിമാർ എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണ് വോട്ട് ചെയ്തെന്ന് ആരോപണം. തെലങ്കാന നിയമസഭാംഗവും ഭാരത് രാഷ്ട്ര സമിതി നേതാവുമായ പാഡി കൗശിക റെഡ്ഡിയാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരമാണ് എംപിമാർ വോട്ട് മറിച്ചതെന്നും പാഡി കൗശിക റെഡ്ഡി ആരോപിക്കുന്നു.
മൂന്ന് കോൺഗ്രസ് എംപിമാർ ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞെന്നാണ് പാഡി കൗശിക റെഡ്ഡിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം വാർത്താസമ്മേളനം നടത്തി എല്ലാവരെയും അറിയിക്കാൻ ആവശ്യപ്പെട്ടു എന്നും കൗശിക് റെഡ്ഡി പറയുന്നു. കുറച്ച് പേരിലൊതുങ്ങുന്നതല്ല വോട്ട് കച്ചവടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കോൺഗ്രസിലെ സുഹൃത്തുക്കളോട് ബന്ധപ്പെട്ടപ്പോൾ 15 കോൺഗ്രസ് എംപിമാരാണ് വോട്ട് വിറ്റതെന്ന് പറഞ്ഞു. ഇതിൽ എട്ട് എംപിമാരും തെലങ്കാനയിൽ നിന്നുള്ളവരാണ്. ഇവർ ഇക്കാര്യം കേന്ദ്രമന്ത്രിമാരെയും ലോക്സഭാ സ്പീക്കറെയും അറിയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അറിഞ്ഞാണ് ഇത് നടന്നത്' കൗശിക് റെഡ്ഡി പറഞ്ഞു. 2016 വരെ തെലുങ്ക് ദേശം പാർട്ടിലായിരുന്നു രേവന്ത് റെഡ്ഡി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നു എന്ന സംശയങ്ങൾക്ക് പിന്നാലെയാണ് ബി.ആർ.എസ് എം.പിയുടെ ആരോപണം. എൻ.ഡി.എ സ്ഥാനാർഥി സി.പി രാധാകൃഷ്ണൻ ഇന്ത്യ മുന്നണിയുടെ റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. സി.പി രാധാകൃഷ്ണന് 452 വോട്ട് ലഭിച്ചപ്പോൾ ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. ഇന്ത്യ മുന്നണിയിൽ 315 എംപിമാരുള്ളതിൽ 15 വോട്ടിൻറെ കുറവുണ്ടായിരുന്നു. അതിനാൽ വോട്ട് മറിച്ചു എന്ന സംശയം നേരത്തെ നിലനിന്നിരുന്നു. വോട്ട് ചെയ്യാൻ യോഗ്യരായ 781 വോട്ടർമാരിൽ 767 പേരാണ് വോട്ടു ചെയ്തത്. ഇതിൽ 752 വോട്ടാണ് സാധുവായവ.











