
ഡൽഹിയിൽ അതീവ സുരക്ഷാ മേഖലയിൽ നിന്നും വനിതാ പാർലമെന്റംഗത്തിന്റെ സ്വർണമാല കവർന്നു. ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വർണ്ണമാലയാണ് ഡൽഹിയിലെ ചാണക്യപുരിയിൽവെച്ച് നഷ്ടമായത്. പുലർച്ചെ നടക്കാനിറങ്ങിയ എംപിയുടെ കഴുത്തിൽനിന്ന് മോഷ്ടാവ് മാല പിടിച്ചുപറിക്കുകയായിരുന്നു. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽനിന്നുള്ള ലോക്സഭാംഗമാണ് കോൺഗ്രസ് നേതാവായ സുധ. നിലവിൽ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപത്തുവെച്ചാണ് സംഭവമുണ്ടായത്.
ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയാണ് ചാണക്യപുരി. ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള സ്ഥലമാണിത്. എന്നിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധ കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തന്റെ സ്വർണ്ണമാല കവർന്നെന്നും സംഭവത്തിൽ തനിക്ക് പരിക്കേറ്റെന്നും കത്തിൽ അവർ വ്യക്തമാക്കി.
'സർ, സമയം കിട്ടുമ്പോഴെല്ലാം പ്രഭാതസവാരിക്ക് പോകുന്നത് എന്റെ പതിവാണ്. 2025 ഓഗസ്റ്റ് 04-ന് (തിങ്കളാഴ്ച), ഞാനും രാജ്യസഭയിലെ മറ്റൊരു വനിതാ പാർലമെന്റ് അംഗമായ ശ്രീമതി രാജാത്തിയും നടക്കാനായി തമിഴ്‌നാട് ഭവനിൽനിന്ന് പുറത്തിറങ്ങി. രാവിലെ ഏകദേശം 6.15-നും 6.20-നും ഇടയിൽ, ഞങ്ങൾ പോളണ്ട് എംബസിയുടെ 3, 4 ഗേറ്റുകൾക്ക് സമീപം എത്തിയപ്പോൾ, മുഖം പൂർണ്ണമായും മറയ്ക്കുന്ന ഫുൾ ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറോടിച്ചെത്തിയ ഒരാൾ എതിർദിശയിൽനിന്ന് വന്ന് എന്റെ സ്വർണ്ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.' കത്തിൽ പറയുന്നു. മാല പിടിച്ചുപറിച്ചപ്പോൾ കഴുത്തിനു പരുക്കേറ്റതായും ചുരിദാർ കീറുകയും ചെയ്തതായി അവർ കത്തിൽ പറയുന്നു.











