
കോൺഗ്രസ് നേതാവിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. പാർലമെന്റംഗമായ രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നാൽപ്പത്തഞ്ചുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് കോൺഗ്രസ് എംപിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച്ച മുമ്പാണ് യുവതി പരാതി നൽകിയത്. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 17ന് രാകേഷ് റാത്തോഡിനെതിരെ ബലാത്സംഗം (64), ക്രിമിനൽ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകൾ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ രാകേഷ് റാത്തോഡ് ഒളിവിലായിരുന്നു. എന്നാൽ, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു.











