02:45am 12 November 2026
NEWS
മാലിന്യ സംസ്‌കരണത്തിനും പൊതുഗതാഗത്തിനും ഊന്നൽ നൽകി കോൺഗ്രസ് പ്രകടന പത്രിക
03/12/2025  07:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാലിന്യ സംസ്‌കരണത്തിനും പൊതുഗതാഗത്തിനും ഊന്നൽ നൽകി കോൺഗ്രസ് പ്രകടന പത്രിക

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മാലിന്യ സംസ്‌കരണത്തിനും പൊതുഗതാഗത്തിനും ഊന്നൽ നൽകി ജില്ലാ യുഡിഎഫ്  കമ്മിറ്റിയുടെ  പ്രകടന പത്രിക. യുഡിഎഫ് കൺവീനർ അടൂർ പ്രകാശാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
കരുതലും ക്ഷേമവും ഉറപ്പാക്കുന്ന പ്രകടന പത്രിക സമ്പൂർണ മാലിന്യ മുക്ത എറണാകുളം വാഗ്ദാനം ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ സംസ്കരണ പ്ലാന്‍റ് ആരംഭിക്കുമെന്നും മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നവീന പദ്ധതികൾ  നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നു. ഗ്രാമീണ പൊതുഗതാഗതം ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കാക്കനാട് മൊബിലിറ്റി ഹബ് നിർമിക്കും. തൃതലപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ പൊതുഗതാഗതത്തിനായി ഗ്രാമ വണ്ടികൾ സർവീസ് ആരംഭിക്കുമെന്നും കോൺഗ്രസ് പ്രകടന പത്രികയിലൂടെ പ്രഖ്യാപിക്കുന്നു.തെരുവ് നായ ശല്യം പരിഹരിക്കാൻ എബിസി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ആറ് മാസത്തിനുള്ളിൽ ആലുവയിൽ വിശാലമായ എബിസി സെന്‍റർ ആരംഭിക്കുമെന്നും കോൺഗ്രസ് ഉറപ്പ് നൽകുന്നു. കാർഷിക മുന്നേറ്റത്തിന് പദ്ധതികൾ, യുവ കർഷക ക്ലബുകൾ, മട്ടുപ്പാവ് കൃഷിക്കായി സഹായങ്ങൾ എന്നിവയും കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നു. കായികരംഗത്ത് സമഗ്ര ഇടപെടൽ നടത്തുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകുന്നു. എല്ലാ പഞ്ചായത്തുകളിലും മൾട്ടി പർപ്പസ് കോർട്ടുകൾ  നിർമിക്കും.സർക്കാർ സ്‌കൂളുകൾ മികവിന്‍റെ കേന്ദ്രങ്ങളാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ജീവിതമാണ് ലഹരി എന്ന പേരിൽ ലഹരി മുക്ത  പദ്ധതികൾ നടപ്പാക്കും. ലഹരി വ്യാപനത്തിനെതിരെ അമ്മമാരുടെ ജാഗ്രത സമിതികൾ ഉണ്ടാക്കും. എല്ലാ ഗ്രാമങ്ങളിലും ആട് ഗ്രാമം പദ്ധതി നടപ്പാക്കും. ജില്ലാതല ടൂറിസം മേള സംഘടിപ്പിക്കുമെന്നും ഡയാലിസിസ് രോഗികൾക്കായി കൂടുതൽ സൗകര്യങ്ങളും സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. പാലിയേറ്റിവ് കെയർ പദ്ധതികൾ  ജില്ലാതലത്തിൽ ഏകോപിപ്പിക്കും. എറണാകുളത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുമെന്നും  യുഡിഎഫ് ഉറപ്പ് നൽകുന്നു. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വയോജന സേവന കേന്ദ്രം ആരംഭിക്കും. വയോജന സൗഹൃദ   പാർക്കുകൾ നിർമിക്കുമെന്നും  യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.  ആരോഗ്യ മേഖലയുടെ സമ്പൂർണ പുരോഗതിയും കോൺഗ്രസ് ഉറപ്പ് നൽകുന്നു.വന്യജീവി അക്രമങ്ങൾ തടയുന്നതിന് നടപടി, ഭൂരഹിതർക്ക് സ്‌ഥലം വാങ്ങുന്നതിനു പ്രത്യേക പദ്ധതി, മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും, പട്ടികജാതി യുവതീ യുവാക്കൾക്ക് തൊഴിൽ ഉറപ്പ്, പട്ടികവർഗ സങ്കേതങ്ങളിൽ സുഗന്ധ വ്യഞ്ജന കൃഷിക്ക്  പ്രത്യേക സഹായം തുടങ്ങിയ പ്രഖ്യാപനങ്ങളും യുഡിഎഫ് പ്രകടന പത്രികയിലുണ്ട്. എംഎൽഎമാരായ കെ ബാബു ടി ജെ വിനോദ് കെപിസിസി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ വി സി അഹമ്മദ് നേതാക്കളായ ടോണി ചമ്മിണി കെ പി ഹരിദാസ് ലൂഡി ലൂയിസ്  ടോണി ചമ്മിണി ജോർജ് സ്റ്റീഫൻ മനോജ് മൂത്തേടൻ തമ്പി ചള്ളാത്ത് ഈ എം മൈക്കിൾ ജോസഫ് ആന്റണി തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img