
മലപ്പുറം: യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന പി വി അൻവറിനെ അനുനയിപ്പിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. ഇന്നലെ അർധരാത്രിയിൽ അൻവറിന്റെ ഒതായിലെ വീട്ടിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മുക്കാൽ മണിക്കൂറോളം അൻവറുമായി ചർച്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്നലെ രാത്രി 11.45-നാണ് അൻവറിന്റെ ഒതായിലെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. 12.30 ഓടെയാണ് രാഹുൽ ഇവിടെനിന്നും മടങ്ങിയത്. സിപിഎം നിലമ്പൂരിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ സ്വരാജിനെ തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തു. യുഡിഎഫിലെ ചിലരുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് നിലമ്പൂരിൽ മത്സരിക്കുന്നത് എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. ശക്തനായ സ്ഥാനാർത്ഥിയാണ് സ്വരാജ് എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അൻവറിന്റെ പിന്തുണ കൂടിയുണ്ടെങ്കിൽ അനായാസ വിജയം നേടാനാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
അതേസമയം, എം സ്വരാജ് നിലമ്പൂരിൽ ജയിച്ചാൽ, കോൺഗ്രസ് രാഷ്ട്രീയത്തിൽ തനിക്ക് വലിയ പ്രതിസന്ധി നേരിടുമെന്ന തിരിച്ചറിവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. പി വി അൻവറിനെ എങ്ങനെയും ഒപ്പം കൂട്ടി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടി ആവശ്യമായിരിക്കുകയാണ്. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ഒരുപറ്റം നേതാക്കൾ അൻവറിനെതിരെ ശക്തമായ നിലപാടെടുക്കുമ്പോൾ എങ്ങനെ അൻവറിനെ കോൺഗ്രസ് ഉൾക്കൊള്ളും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചർച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും പി വി അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അനുനയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിനെ കണ്ടത്. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാർത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാൻ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അൻവർ പറഞ്ഞിരുന്നു. ഒരു ചതിക്കുഴിയിലേക്ക് ഒരാൾ തന്നെ കൊണ്ടുപോകുമ്പോൾ എന്താണ് ചെയ്യുകയെന്നും അതുകൊണ്ടാണ് ആരോടും ചർച്ചയില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അൻവർ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളുകയായിരുന്നു.











