10:06am 24 August 2026
NEWS
ബാഗൽകോട്, ദാവൺഗെരെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയസാധ്യത കോൺഗ്രസ്സിന്.
24/03/2026  11:07 AM IST
വിഷ്ണുമംഗലം കുമാർ
ബാഗൽകോട്, ദാവൺഗെരെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയസാധ്യത കോൺഗ്രസ്സിന്

കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളായ എച്ച്. വൈ മെറ്റി, ശാമനുർ ശിവശങ്കരപ്പ എന്നിവരുടെ മരണത്തെ തുടർന്നാണ് കർണാടകത്തിലെ ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അടുത്ത മാസം ഒമ്പതിനാണ് ആ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. ബാഗൽകോട്ടിൽ എച്ച് വൈ മെറ്റിയുടെ മകൻ ഉമേഷ്‌ മെറ്റിയെയും ദാവൺഗെരെ സൗത്തിൽ ശിവശങ്കരപ്പയുടെ കൊച്ചുമകൻ  സമർത്ഥ ശാമന്നൂരിനെയുമാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. മരണമടഞ്ഞ നേതാക്കളുടെ ബന്ധുക്കളെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുന്നതാണ് കോൺഗ്രസ്സിന്റെ കീഴ് വഴക്കം. ബാഗൽകോട്, ദാവൺഗെരെ സൗത്ത് മണ്ഡലങ്ങളിലും അത് പാലിക്കപ്പെട്ടിരിക്കുന്നു. ദാവൺഗെരെ സൗത്തിൽ എഴുപതിനായിരത്തോളം മുസ്ലിം വോട്ടർമാരുണ്ട്. സ്വന്തം സമുദായത്തിൽ പെട്ട നേതാവിനെ സ്ഥാനാർഥി യാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം സമുദായക്കാരായ കോൺഗ്രസുകാർ കിണഞ്ഞു പരിശ്രമിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ നേതൃത്വം വഴങ്ങിയില്ല. മുതിർന്ന ബിജെപി നേതാവ് വീരണ്ണ ചരന്ദിനാഥ് ആണ് ബാഗൽകോട്ടിൽ ഉമേഷ്‌ മെറ്റിയെ നേരിടുക. ഈ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ എം എൽ എ ആയിട്ടുള്ള നേതാവാണ് ചരന്ദിനാഥ്. 2023 ൽ 5878 വോട്ടുകൾക്കാണ് എച്ച് വൈ മെറ്റി അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. മെറ്റിയും ശിവശങ്കരപ്പയും മുമ്പ് മന്ത്രിമാരായിട്ടുള്ള പ്രമുഖ നേതാക്കളായിരുന്നു. അവർ ചെലുത്തിയ വിപുലമായ സ്വാധീനം മണ്ഡലത്തിൽ പ്രകടമാണ്. ശിവശങ്കരപ്പയുടെ മകൻ മല്ലികാർജ്ജൻ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമാണ്. അദ്ദേഹത്തിന്റെ മകനാണ് സ്ഥാനാർത്ഥി. ബിജെപിയുടെ ശ്രീനിവാസ ദാസ കാരിയപ്പയാണ് പ്രധാന എതിർ സ്ഥാനാർത്ഥി. 2023 ൽ ബിജെപിയുടെ അജയകുമാർ ബി ജി ആയിരുന്നു ശിവശങ്കരപ്പയ്‌ക്ക് എതിരായി മത്സരിച്ചത്. കോൺഗ്രസ്സിന് മുൻ‌തൂക്കമുള്ള മണ്ഡലത്തിൽ 27888 വോട്ടുകൾക്കാണ് ശിവശങ്കരപ്പ അജയകുമാറിനെ തോൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന ചരിത്രമാണ് സിദ്ധരാമയ്യ ഗവണ്മെന്റിനുള്ളത്. മുതിർന്ന ബിജെപി നേതാവ് വീരണ്ണ മത്സരിക്കുന്ന ബാഗൽകോട്ടിൽ ശക്തമായ പോരാട്ടത്തിന് സാധ്യതയുണ്ട്. എന്നിരുന്നാലും രണ്ടു മണ്ഡലങ്ങളും കോൺഗ്രസ്സ് നിലനിർത്തുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img