
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിന് നാളെ അറുതിയാകുമെന്ന് സൂചന. നാളെ കോൺഗ്രസ് നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായുള്ള നിയമസഭാ കക്ഷി യോഗം നാളെ ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ യോഗം നടത്താനാണ് തീരുമാനം. എല്ലാ എംഎൽഎമാരോടും തലസ്ഥാനത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ യാത്രാസൗകര്യവും നേതൃത്വം പരിഗണിക്കുന്നുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് എഐസിസി നേതാവ് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന നിർണായക ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അവസാനമാകുമെന്ന സൂചനയാണ് ഉയരുന്നത്.
അതേസമയം, ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും കൂടിയാലോചനകൾ തുടരുകയാണ്. എ.കെ. ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി കൂടുതൽ നേതാക്കളുമായി ബന്ധപ്പെടിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണനയിലുള്ള കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി അന്തിമഘട്ട ചർച്ചകളും നടന്നതായാണ് വിവരം.
മൂന്ന് നേതാക്കളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സമവായ ഫോർമുലയിലേക്ക് ഹൈക്കമാൻഡ് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മൂന്ന് വിഭാഗങ്ങളും അനുകൂല പ്രഖ്യാപനം പ്രതീക്ഷിച്ചാണ് കാത്തിരിക്കുന്നത്.
ഇതിനിടെ ഡൽഹിയിലെ കെ.സി. വേണുഗോപാലിന്റെ വസതിക്ക് മുന്നിൽ ഉയർന്ന പോസ്റ്ററുകളും ശ്രദ്ധ നേടുകയാണ്. ‘ലോബി 51’ എന്ന പേരിലുള്ള വസതിക്ക് മുന്നിൽ സ്ഥാപിച്ച പോസ്റ്ററുകളിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് നേതാക്കളുടെ ചിത്രങ്ങൾ ഇല്ലാതെ കെ.സി. വേണുഗോപാലിന്റെ ചിത്രം മാത്രം ഉൾപ്പെടുത്തിയതും രാഷ്ട്രീയചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.










