
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ തീരുമാനം ഇനി കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൈകളിൽ. കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം നിയമസഭാകക്ഷിയോഗം പാസാക്കി. ഇതോടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഹൈക്കമാൻഡിലേക്ക് മാറി.
ഇന്നു രാവിലെ ചേർന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണ നൽകി. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇതിനുശേഷം എംഎൽഎമാരുമായി നിരീക്ഷകരും ദീപാദാസ് മുൻഷിയും പ്രത്യേകം കൂടിക്കാഴ്ച നടത്തുകയാണ്. ഈ കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിപദത്തിന് ആരെ പിന്തുണക്കുന്നു എന്നത് എംഎൽഎമാർ വ്യക്തമാക്കും. മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മനെയാണ് ആദ്യം നിരീക്ഷകരെ കണ്ടത്.
അതേസമയം, എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് സതീശൻ പക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ ആവശ്യം അംഗീകരിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.










