
സംസ്ഥാന സർക്കാരിനോട് അനുകൂല നിലപാട് പ്രഖ്യാപിച്ച എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ക്യാമ്പിൽ തിരക്കിട്ട കൂടിയാലോചനകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പെരുന്നയിലെത്തി സുകുമാരൻ നായരുമായി സംസാരിക്കണമെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. എന്നാൽ, കൂടിക്കാഴ്ച്ചയും ചർച്ചയും സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നും നേതാക്കൾക്കിടയിൽ ധാരണയായി എന്നാണ് റിപ്പോർട്ട്.
എഐസിസി ജനറൽ സെക്രട്ടറിയും വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗവുമായ പ്രിയങ്ക ഗാന്ധി സുകുമാരൻ നായരെ കണ്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുസ്‌ലിം സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം പ്രിയങ്ക കണ്ടിരുന്നു. അതേസമയം, എൻഎസ്എസുമായി ദീർഘകാല ബന്ധം പുലർത്തുന്ന രമേശ് ചെന്നിത്തല സുകുമാരൻ നായരുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
ശബരിമലയുടെ ആചാര സംരക്ഷണത്തിലും വിശ്വാസ സംരക്ഷണത്തിലും സംസ്ഥാന സർക്കാരിൽ പൂർണവിശ്വാസമുണ്ടെന്ന് ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സുകുമാരൻ നായർ പറഞ്ഞിരുന്നു. ശബരിമലയുടെ കാര്യത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്നും എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികൾക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാരിൽ പൂർണമായും വിശ്വസിക്കുന്നു. സർക്കാരിന് മാത്രമാണ് ശബരിമല വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. ആര് എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സർക്കാരിന്റേതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'സർക്കാരിനെ ഞങ്ങൾ വിശ്വസിക്കുന്നു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിർത്തി പോകണം, അതാണ് എൻഎസ്എസിന്റെ ആവശ്യം'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എത്രപേർ പങ്കെടുത്തു എന്നതിലല്ല കാര്യം, ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയിൽ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങൾക്കുണ്ടെന്നായിരുന്നു ബദൽ അയ്യപ്പ സംഗമത്തിൽ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ച് സുകുമാരൻ നായർ പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു.











