
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് അന്നത്തെ കോൺഗ്രസ് സർക്കാരിലെ ചില നേതാക്കളാണെന്നും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് ഇന്ന് പാർട്ടി അനുഭവിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്ലി ആരോപിച്ചു.
യു.പി.എ സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കേന്ദ്ര നിയമമന്ത്രിയായിരുന്ന തന്റെ അനുഭവങ്ങൾ പങ്കുവെച്ച മൊയ്ലി, അന്ന് മോദിക്കെതിരായ അന്വേഷണം മുന്നോട്ടുപോയിരുന്നെങ്കിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
2009-11 കാലഘട്ടത്തിൽ കേന്ദ്ര നിയമമന്ത്രിയായിരിക്കെ, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണം നേരിട്ടിരുന്നുവെന്ന് മൊയ്ലി പറഞ്ഞു. അമിത് ഷായെ ഗുജറാത്തിന് പുറത്തേക്ക് മാറ്റുകയും കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. അടുത്തതായി മോദിക്കെതിരെയും നടപടിയുണ്ടാകുമായിരുന്നുവെന്നും എന്നാൽ സ്വന്തം സർക്കാരിലെ ചില നേതാക്കൾ അന്വേഷണം തടസ്സപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഇത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ തീരുമാനമായിരുന്നില്ലെന്നും മറ്റു ചില നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമായതെന്നും മൊയ്ലി വ്യക്തമാക്കി.
കോൺഗ്രസിൽ സമഗ്രമായ സംഘടനാ മാറ്റങ്ങൾ നടപ്പാക്കാൻ സോണിയ ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനായി തന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കുകയും പരിഷ്കരണ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിയിലെ ചില നേതാക്കൾ നിലവിലുള്ള സ്ഥിതി തുടരാനാണ് ആഗ്രഹിച്ചത്. അതിനാൽ നിർദേശങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും മൊയ്ലി കുറ്റപ്പെടുത്തി.
അന്ന് നിർദേശിച്ച മാറ്റങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ഇന്ന് നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താൻ കഴിയുമായിരുന്നില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കോൺഗ്രസ് കൂടുതൽ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്നും ശത്രുക്കൾക്ക് മുന്നിൽ സ്വയം പരാജയപ്പെടുന്ന സമീപനം പാർട്ടി ഉപേക്ഷിക്കണമെന്നും മൊയ്ലി ആഹ്വാനം ചെയ്തു.
Photo Courtesy - Google










