
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആർഎസ്എസിനെയും ബാധിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് തെ സുധാകരൻ പറഞ്ഞു. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് കേരളത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നെയ്യാറ്റിൻകരയിൽ നടന്നത് കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം. തുഷാർ ഗാന്ധിയെ സംഘ് പരിവാർ ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർ എസ് എസ്- ബി ജെ പി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തുഷാർ ഗാന്ധിയെ ചേർത്തുപിടിച്ച് തന്നെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തിന്റെ മതേതര, ജനാധിപത്യ ബോധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മുറിവേൽപ്പിക്കുന്ന ഈ പ്രവൃത്തിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
നെയ്യാറ്റിൻകരയിലെ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് എത്തിയതായിരുന്നു മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി.











