ചാരവൃത്തി ആരോപിച്ച് കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായി അറസ്റ്റിൽ

ചാരവൃത്തി ആരോപിച്ച് കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി സാകുർ ഖാൻ മംഗലിയാർ എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ ഉദ്യോഗസ്ഥനായ സാകുർ ഖാൻ മംഗലിയാർ മുതിർന്ന കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയാണെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ പ്രമുഖ നേതാവിൻറെ പഴ്സനൽ സ്റ്റാഫിൽ ഇയാൾ ഉൾപ്പെട്ടിരുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്നാണ് സാകുർ ഖാൻ മംഗലിയാറിനെതിരെ ആരോപിക്കുന്ന കുറ്റം.
ജയ്സൽമേറിലെ ഓഫിസിൽ നിന്നാണ് സാകുർ ഖാൻ മംഗലിയാറിനെ സിഐഡി–രഹസ്യാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇയാളെ ജയ്പുറിലേക്ക് മാറ്റിയേക്കും. സംസ്ഥാനത്തെ പ്രമുഖനായ മുതിർന്ന കോൺഗ്രസ് നേതാവുമായി സാകുർ ഖാനുള്ള ബന്ധത്തെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ബറോഡയിലെ ധാനി ഗ്രാമക്കാരനായ സാകുർ കുറച്ചധികം ആഴ്ചകളായി കടുത്ത നിരീക്ഷണത്തിലായിരുന്നു. സാകുറിൻറെ ഫോണിൽ നിന്നും പാകിസ്ഥാനിലെ നിരവധിപ്പേരുടെ ഫോൺ നമ്പറുകൾ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് തൃപ്തികരമായ വിശദീകരണമല്ല സാകുർ നൽകിയതെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഏഴുതവണ സാകുർ പാകിസ്ഥാൻ സന്ദർശിച്ചതും ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, സാകുറിൻറെ ഫോണിൽ നിന്നും സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ കണ്ടെത്തിയിട്ടില്ല. പക്ഷേ നിരവധി ഫയലുകൾ നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇതിനുള്ളിലെന്തായിരുന്നുവെന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. സാകുറിൻറെ രണ്ട് ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്നും പാക് എംബസിയിലെ ഒരുദ്യോഗസ്ഥനുമായി സാകുറിന് ഇടപാടുകളുണ്ടെന്നും ഇത് ഐഎസ്ഐ ബന്ധം ശരിവയ്ക്കുന്നതാണെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.











