12:09am 28 June 2026
NEWS
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് വിനയ് കുൽക്കർണിയുടെ എംഎൽഎ സ്ഥാനം നഷ്ടമായി
04/05/2026  01:34 PM IST
വിഷ്ണുമംഗലം കുമാർ
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് വിനയ് കുൽക്കർണിയുടെ എംഎൽഎ സ്ഥാനം നഷ്ടമായി

 

ബംഗളുരു: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കർണാടകത്തിലെ ധാർവാഡ എംഎൽ എ വിനയ് കുൽക്കർണിയെ സ്പീക്കർ അയോഗ്യനാക്കി. ബിജെപി നേതാവ് യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ ഏപ്രിൽ 15 ന് കുൽക്കർണിയും സഹായികളും ശിക്ഷിക്കപ്പെട്ടിരുന്നു. നഗരത്തിലെ സിറ്റി ആൻഡ്‌ സെഷൻസ് കോടതി ജഡ്ജി സന്തോഷ്‌ ഗജാനൻ ഭട്ട് ആണ് ശിക്ഷ വിധിച്ചത്. അന്ന് മുതൽ എം എൽ സ്ഥാനത്തുനിന്നും അയോഗ്യനാകുന്ന കുൽക്കർണിയ്‌ക്ക് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല.

2016 ജൂൺ 15 നാണ് ധാർവാഡയിലെ സ്വന്തം ജിമ്മിന്റെ മുന്നിൽ വെച്ച് യോഗേഷ് ഗൗഡ പട്ടാപ്പകൽ കൊലചെയ്യപ്പെട്ടത്. ധാർവാഡ മേഖലയിൽ വിപുലമായ ജനപിന്തുണയുള്ള ബിജെപി നേതാവായിരുന്നു യോഗേഷ്. അക്കാലത്ത് മന്ത്രിയായിരുന്ന കുൽക്കർണിയും യോഗേഷ് ഗൗഡയും തമ്മിൽ രാഷ്ട്രീയ സ്പർദ്ധ നിലനിന്നിരുന്നു. യോഗേഷിനെ കൊലപ്പെടുത്തിയത് കുൽക്കർണിയും സംഘവുമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ശക്തമായ പ്രതിഷേധവും നടന്നു. സിദ്ധരാമയ്യയായിരുന്നു മുഖ്യമന്ത്രി. കുൽക്കർണിയുടെ പേരിൽ കേസ്സെടുക്കാൻ പോലും കർണാടക പോലീസ് തയ്യാറായില്ല.

2019 ൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നു. മുഖ്യമന്ത്രി യഡിയൂരപ്പ യോഗേഷ് ഗൗഡ വധക്കേസ് സിബി ഐയ്‌ക്ക് വിട്ടു. തെളിവുകൾ ശേഖരിച്ച സിബിഐ 2020 ലാണ് കുൽക്കർണിയെ അറസ്റ്റു ചെയ്തത്. അതിന് മുമ്പ് നേരിട്ട് കൊല നടത്തിയവരെ സിബിഐ പിടികൂടിയിരുന്നു. സാക്ഷിമൊഴികളും ശേഖരിച്ചു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കുൽക്കർണി എംഎൽഎയായിരുന്നില്ല. ജാമ്യം നേടി പുറത്തുവന്ന അദ്ദേഹം 2023 ൽ ധാർവാഡയിൽ നിന്ന് മത്സരിച്ചു ജയിച്ച് വീണ്ടും എം എൽ എയായി.

സിബിഐയുടെ പരാതി പ്രകാരമാണ് ജാമ്യം റദ്ദായി വീണ്ടും ജയിലിലായത്. മാസങ്ങളോളം ബംഗളുരു കോടതിയിൽ കേസിന്റെ വിചാരണ നടന്നു. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതോടെ രണ്ടുതവണ എംഎൽഎയും ഒരിക്കൽ മന്ത്രിയുമായിരുന്ന അമ്പത്തേഴുകാരനായ വിനയ് കുൽക്കർണിയുടെ രാഷ്ട്രീയ ഭാവി ഇരുളിലായി. ധാർവാഡയിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.