09:30pm 10 November 2026
NEWS

തൃശ്ശൂരിലെ വോട്ട് തിരിമറിയിൽ സുരേഷ് ​ഗോപി കുടുങ്ങുമോ?

12/08/2025  02:44 PM IST
nila
 തൃശ്ശൂരിലെ വോട്ട് തിരിമറിയിൽ സുരേഷ് ​ഗോപി കുടുങ്ങുമോ?

രാജ്യവ്യാപകമായി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് വലിയ പോരാട്ടമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി തുടങ്ങിവെച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് കൂട്ടുനിൽക്കുന്നു എന്ന ​ഗുരുതരമായ ആരോപണവും രാഹുൽ ​ഗാന്ധി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച് സിപിഐയും കോൺ​ഗ്രസും രം​ഗത്തെത്തി. മറ്റു ജില്ലകളിൽ ഉള്ളവർ പോലും തൃശ്ശൂരിലെ വോട്ടർപട്ടികയിൽ ഇടംപിടിച്ചു എന്നാണ് ആരോപണം. ഇതിനിടെ, തൃശ്ശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ​ഗോപി തന്നെ ക്രമവിരുദ്ധമായാണ് തൃശ്ശൂരിലെ വോട്ടർപട്ടികയിൽ ഇടംനേടിയതെന്ന ആരോപണമാണ് ഉയരുന്നത്.

കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപൻ സുരേഷ് ​ഗോപിക്കെതിരെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതോടെ വിവാദം ശക്തമാകുകയാണ്. കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത്. ഇത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്‌താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്നാണ് ടി എൻ പ്രതാപന്റെ ആരോപണം. 

തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്‌തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരനാണ്. സുരേഷ് ഗോപി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് 115-ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്.

വോട്ട് ചേർക്കുമ്പോൾ സ്ഥിര താമസക്കാരനാണെന്ന രേഖയും സത്യ പ്രസ്‌താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിരതാമക്കാരനായ സുരേഷ് ഗോപി, തൃശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാർഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തിൽ ചേർത്തതെന്നും ടിഎൻ പ്രതാപന്റെ പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img