
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ നവകേരള സദസിന് സംഭാവനയായി നൽകിയത് ലക്ഷങ്ങളെന്ന് വെളിപ്പെടുത്തൽ. കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നവകേരള സദസ്സിന് അനന്തു ഏഴുലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ലാലി വിൻസെന്റ് ആരോപിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയും ലാലി വിൻസെന്റ് ആരോപണം ഉയർത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ബാങ്ക് അക്കൗണ്ട് മരിപ്പിച്ചപ്പോൾ അനന്തുവിനെ കെ.എം. എബ്രഹാം സഹായിച്ചെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.
ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. അബ്രഹാമിന്റെ ബന്ധു ബേബിയുടെ സംഘടനയ്ക്ക് കോടികളുടെ ബിസിനസാണ് ലഭിച്ചതെന്നും ലാലി വിൻസെന്റ് പറയുന്നു. കൊച്ചനിയൻ എന്ന് പേരുള്ള ജോൺ മാർക്‌സിസ്റ്റുകാരൻ ഇവരുടെ ട്രസ്റ്റിലെ അംഗമാണ്. എസ്.സി/ എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥനായ ജയൻ, മറ്റൊരു പ്രസാദ് എന്നിവരടക്കം ഒരുപാട് പേരുകൾ ഇതിലുണ്ട്. ടെക്‌നോപാർക്കിലെ പ്രോജക്ട് അനന്തു തയ്യാറാക്കിയതാണ്. അനന്ദകുമാറിന്റെ കൂടെ ഉദ്യോഗസ്ഥരേയും സർക്കാർ പ്രതിനിധികളേയും കാണാനും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയതും അനന്തുവാണ്. ആനന്ദകുമാർ രക്ഷപ്പെടാൻ പാടില്ല. ആനന്ദകുമാറിന്റെ ഭാഗത്ത് തെറ്റുകളുണ്ട്. അയാൾ ഇപ്പോഴും ട്രസ്റ്റിന്റെ ചെയർപേഴ്‌സണാണെന്നും ലാലി വിൻസെന്റ് പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. അവർക്ക് 46 ലക്ഷം രൂപയോളും കൊടുത്തതായി അനന്തു മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് അഭിഭാഷക ഫീസാണെന്നായിരുന്നു ലാലിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി അവർ രംഗത്തെത്തിയത്.











