06:48am 01 May 2026
NEWS
നിയമസഭയിൽ ആർഎസ്എസ് പ്രാർഥനാഗാനം ആലപിച്ച് കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ
22/08/2025  05:31 PM IST
nila
നിയമസഭയിൽ ആർഎസ്എസ് പ്രാർഥനാഗാനം ആലപിച്ച് കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ ആർഎസ്എസ് പ്രാർഥനാഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ വൈറൽ. ആർഎസ്എസ് ശാഖകളിൽ ചൊല്ലുന്ന 'നമസ്തേ സദാ വത്സലേ മാതൃഭൂമേ..' എന്ന് തുടങ്ങുന്ന പ്രാർഥനാ ഗാനമാണ് കോൺ​ഗ്രസ് നേതാവ് നിയമസഭയിൽ ചൊല്ലിയത്. കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം നടക്കുന്നതിനിടെ, വ്യാഴാഴ്ച്ചയാണ് ഡികെ ശിവകുമാർ ആർഎസ്എസിന്റെ പ്രാർഥനാഗാനം ചൊല്ലിയത്. ഇതിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. 

ഡി.കെ. ശിവകുമാർ ഒരുകാലത്ത് ആർഎസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ ആരോപണമാണ് ഡി കെ ശിവകുമാർ ആർഎസ്എസ് പ്രാർഥനാഗാനം ചൊല്ലുന്നതിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവിന് മറുപടിയായി തമാശരൂപേണയാണ് ഡി കെ ശിനകുമാർ ആർഎസ്എസ് പ്രാർഥന ചൊല്ലിയത്.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസിനെക്കുറിച്ച് പരാമർശിച്ചതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. എന്നാലിപ്പോൾ കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി കൈകോർക്കാൻ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു. 'ചെങ്കോട്ടയുടെ മുകളിൽ നിന്ന് പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോൾ ആർഎസ്എസിനെ പുകഴ്ത്തുകയാണ്. ശശി തരൂർ മുതൽ ഡി.കെ. ശിവകുമാർ വരെ കോൺഗ്രസിൽ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല!' ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു. വിമർശനങ്ങൾ ഉയർന്നതോടെ, താൻ എക്കാലവും കോൺഗ്രസുകാരൻ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാർ രംഗത്തുവന്നു. 

'ജന്മനാ ഞാനൊരു കോൺഗ്രസുകാരനാണ്. ഒരു നേതാവെന്ന നിലയിൽ എന്റെ എതിരാളികളെയും സുഹൃത്തുക്കളെയും ഞാൻ അറിയണം. അവരെക്കുറിച്ച് ഞാൻ പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോർക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. ഞാൻ കോൺഗ്രസിനെ നയിക്കും. ജനിച്ചകാലം മുതൽ ഞാൻ കോൺഗ്രസിനൊപ്പമാണ്.' ശിവകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img