03:23pm 29 August 2026
NEWS
ചേന്തി അനിൽ റെഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
29/08/2026  12:34 PM IST
nila
ചേന്തി അനിൽ റെഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ ചേന്തി അനിലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയാണ് കേസെടുത്തത്. വഞ്ചിയൂർ കോടതിയിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് അനിലിനെതിരെ ഗുരുതരമായ പരാമർശങ്ങളുള്ളത്.

പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ചേന്തി അനിലെന്നും ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നിവരുമായി അനിൽ സ്വന്തം വീട്ടിൽ കൂടിക്കാഴ്ച നടത്തിയ സംഭവവും നേരത്തെ വിവാദമായിരുന്നു.

വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ശ്രീകാര്യം വഴി പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് അനിൽ തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കയറി നിന്ന അനിൽ വാഹനം തടയുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ വാക്കുതർക്കമുണ്ടായി. മര്യാദയ്ക്ക് സംസാരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ, ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും’ എന്ന് അനിൽ മറുപടി നൽകിയെന്നാണ് പരാതി.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അനിലിനെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയത്.

അതേസമയം, തനിക്കെതിരായ പോലീസ് നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ചേന്തി അനിലിന്റെ ആരോപണം. താൻ പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നും കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് അനിൽ പ്രതികരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img