
ന്യൂഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് നടന്ന മാരത്തോൺ ചർച്ചകളും അന്തിമ തീരുമാനത്തിലെത്താതെ അവസാനിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30 വരെ നീണ്ട യോഗത്തിലും നിർണായക തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് വിവരം. കണ്ണൂർ സീറ്റിൽ കെ. സുധാകരൻ മത്സരിക്കണമോ വേണ്ടയോ എന്ന വിഷയത്തിൽ ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. എംപിമാർക്ക് നിയമസഭാ സീറ്റുകൾ നൽകേണ്ടെന്ന നിലപാടിലാണ് മല്ലികാർജ്ജുൻ ഖാർഗെ. എന്നാൽ സുധാകരനെ ഒഴിവാക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതുകൊണ്ടുതന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തി ഒരു സമവായ തീരുമാനത്തിനാണ് സാധ്യതയെന്നാണ് സൂചന.
മത്സരിക്കാൻ തീരുമാനിച്ചതിൽ നിന്ന് പിന്നോട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപെടലുകൾക്കും അദ്ദേഹം വഴങ്ങിയിട്ടില്ല. സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിൽ പാർട്ടിക്ക് ദോഷകരമാകുമെന്ന വിലയിരുത്തൽ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമാണ്. ഇതിനൊപ്പം, എൽദോസ് കുന്നപ്പള്ളി പട്ടികയിൽ ഉണ്ടാകുമോ എന്നതിലും, കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിന് പകരം ദീപ്തി മേരി വർഗീസ് വരുമോയെന്നതിലും വ്യക്തതയില്ല.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ പട്ടിക പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എതിരാളികൾ പ്രചാരണത്തിൽ മുന്നേറുമ്പോൾ കോൺഗ്രസ് പിന്നിലാകുന്നുവെന്ന വിലയിരുത്തലും ഉയരുന്നു.
ബുധനാഴ്ച നടന്ന കോർ കമ്മിറ്റി യോഗം, തുടർന്ന് സി.ഇ.സി. യോഗം, പിന്നീടുള്ള പ്രത്യേക യോഗങ്ങൾ എന്നിവയിലൂടെ നീണ്ട ചർച്ചകൾ നടത്തിയെങ്കിലും 36 സീറ്റുകളിലെ സ്ഥാനാർഥിത്വം ഇനിയും തീർച്ചയായിട്ടില്ല. കണ്ണൂരും കോന്നിയുമുൾപ്പെടെയുള്ള സീറ്റുകൾ ഒഴിവാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ ആദ്യഘട്ട ധാരണയായെങ്കിലും പിന്നീട് അത് മാറ്റിവെച്ചു.
കോന്നി സീറ്റിൽ അടൂർ പ്രകാശ് അവകാശവാദം ഉന്നയിച്ചതും കണ്ണൂരിൽ സുധാകരന്റെ നിലപാടുമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. കൂടാതെ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസും, സി.പി.എം വിട്ട നേതാക്കൾക്ക് പിന്തുണ നൽകുന്നതും, മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാരിയർക്ക് സീറ്റ് നൽകാനുള്ള ശ്രമങ്ങളും പട്ടിക പ്രഖ്യാപനം വൈകാൻ കാരണമായിട്ടുണ്ട്.











