
"ഞാൻ ഹിന്ദുവാണ്. എനിക്ക് എന്റേതായ മതവിശ്വാസങ്ങളുണ്ട്. അതിനർത്ഥം എനിക്ക് മറ്റു മതങ്ങളോട് ബഹുമാനമില്ല എന്നല്ല. എല്ലാ മതങ്ങളെയും ഞാൻ സ്നേഹിക്കുന്നു. വ്യത്യസ്ത മതങ്ങളുടെ ആരാധനാകേന്ദ്രങ്ങൾ ഞാൻ സന്ദർശിക്കാറുണ്ട്. തിഹാർ ജയിലിലായിരുന്നപ്പോൾ സിഖ് മതത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു. ഞാൻ ഹിന്ദുവായാണ് ജനിച്ചത്. മരിക്കുന്നതും ഹിന്ദുവായിട്ടായിരിക്കും. എന്റെ മതപരമായ നിലപാടുകൾ രാഷ്ട്രീയാടിസ്ഥാനത്തിൽ കാണേണ്ടതില്ല" കർണാടക ഉപമുഖ്യമന്ത്രിയും ദേശീയതലത്തിൽ അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവുമായ ഡി കെ ശിവകുമാർ വ്യക്തമാക്കി. "ഞാൻ ഒരു കോൺഗ്രസുകാരനാണ്. ആ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. മഹാത്മാഗാന്ധി മുതൽ സോണിയഗാന്ധി വരെയുള്ളവരാണ് എന്റെ നേതാക്കൾ. സമത്വവും മതേതരത്വവും മുറുകെ പിടിച്ചവരും പിടിക്കുന്നവരുമാണ് കോൺഗ്രസ്സ് നേതാക്കൾ. എല്ലാ ഉത്സവങ്ങളിലും കോൺഗ്രസുകാർ പങ്കുചേരാറുണ്ട്. അതിനൊന്നും മറ്റൊരു മാനം കാണേണ്ടതില്ല" ബിജെപിയുമായി അടുക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ശിവകുമാർ വിശദീകരിച്ചു. അദ്ദേഹം കുംഭമേളയിൽ പങ്കുകൊണ്ടത് വിവാദമായിരുന്നു. കർണാടകക്കാരനായ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ കുംഭമേളയിൽ കുളിച്ചാൽ രാജ്യത്തിന്റെ ദാരിദ്ര്യം മാറുമോ എന്ന് പരിഹസിച്ചിരുന്നു. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ക്ഷണം സ്വീകരിച്ച് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ മഹാശിവരാത്രി ആഘോഷത്തിൽ ശിവകുമാർ പങ്കുകൊണ്ടത് സംശയങ്ങൾ വർധിപ്പിച്ചിരുന്നു. "1991-ൽ പാർട്ടി എനിക്ക് മന്ത്രിസ്ഥാനം നൽകി. ഇന്ന് എനിക്കുള്ള പദവികളെല്ലാം കോൺഗ്രസ് നൽകിയതാണ്. കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സിദ്ധരാമയ്യയും ഞാനും ചേർന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിലും ഞങ്ങൾ നയിക്കും. സത്യത്തിൽ അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാൻ അത്രയൊന്നും കഷ്ടപ്പെടേണ്ടതില്ല. അടിത്തറ ഞങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. തെലങ്കാന, ഹരിയാണ, ഡൽഹി എന്നിവിടങ്ങളിൽ പ്രചാരണം നടത്താൻ ഹൈക്കമാണ്ട് ആവശ്യപ്പെട്ടിരുന്നു. ഞാനത് അനുസരിക്കുകയും ചെയ്തു. ദേശീയതലത്തിൽ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ട്. കർണാടകത്തിലെ വിജയമാണ് ആ ആത്മവിശ്വാസം എനിക്ക് നൽകിയത്" പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശിവകുമാർ മനസ്സ് തുറന്നു. മുഖ്യമന്ത്രി പദവിയ്ക്കായി തീവ്രമായി ആഗ്രഹിച്ച നേതാവാണ് ശിവകുമാർ. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ്സിലെ സ്ഥിതിഗതികൾ അതിന് അനുകൂലമല്ലെന്ന തിരിച്ചറിവ് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പക്ഷെ ശിവകുമാർ ബിജെപിയിലേക്ക് പോകുമെന്നൊക്കെ അഭിപ്രായപ്പെടുന്നത് കടന്ന കയ്യാണ്.
Photo Courtesy - Google











