
ന്യൂഡൽഹി: എ.ഐ.സി.സി. ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചത് കോൺഗ്രസിനുള്ളിൽ തന്നെ വിവാദമാകുന്നു. സാധാരണയായി ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന പതിവിന് വിപരീതമായാണ് ഇത്തവണ ഗാനം മുഴുവനായി പാടിയത്. ഗാനം നിർത്താൻ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടെങ്കിലും ആലാപനം തുടർന്നു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആരംഭിച്ചപ്പോൾ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ ആദ്യ രണ്ട് ചരണങ്ങൾക്കൊപ്പം ചുണ്ടനക്കുകയായിരുന്നു. എന്നാൽ രണ്ട് ചരണങ്ങൾ പിന്നിട്ടിട്ടും ഗാനം തുടർന്നതോടെ സോണിയ ഇടപെട്ടതായി ദൃശ്യങ്ങളിൽ കാണാം.
ഗാനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ കൈയുയർത്തുന്നതും പിന്നിലുള്ള നേതാക്കളോട് നിർദേശം നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഖർഗെ സോണിയയോട് സംസാരിക്കുന്നതായും കാണാം. ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു. ഗാനം തുടർന്നതിൽ നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
1937 മുതൽ കോൺഗ്രസ് പിന്തുടരുന്ന നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചത് എ.ഐ.സി.സി. ആസ്ഥാനത്തെ സംഘാടനത്തിലെ വീഴ്ചയായാണ് വിമർശനം ഉയരുന്നത്. വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ ചർച്ചകൾ ശക്തമായിരിക്കെയാണ് കോൺഗ്രസ് ആസ്ഥാനത്തെ സംഭവം.
അതേസമയം, ചെങ്കോട്ടയിൽ നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാതെയാണ് കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി. ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും സംഭവം ചർച്ചയായിട്ടുണ്ട്.










