
തിരുവനന്തപുരം: പിണറായി വിജയൻ തന്നെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പ്രസംഗം കോൺഗ്രസിന് വലിയ തലവേദനയാകുന്നു. മണിശങ്കർ അയ്യറെ തള്ളി ഹൈക്കമാൻഡ് തന്നെ രംഗത്തെത്തിയെങ്കിലും മണിശങ്കർ അയ്യരെ പോലൊരു നേതാവിന്റെ പ്രസ്താവന വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന വേവലാതി കേരളത്തിലെ പല കോൺഗ്രസ് നേതാക്കൾക്കുമുണ്ട്.
‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെയെന്ന് മണിശങ്കർ അയ്യർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്ത് “അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ” എന്നായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പ്രശംസിച്ച അദ്ദേഹം, മഹാത്മാഗാന്ധി കാണിച്ച വഴിയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്നും അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ പുതിയ ഇന്ത്യയുടെ ദർശനം പ്രാവർത്തികമാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്ന വിലയിരുത്തലും അയ്യർ മുന്നോട്ടുവച്ചു. കൂടാതെ, ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസ് സഹപ്രവർത്തകരുടെ നിലപാടിൽ ഖേദമുണ്ടെന്നും അയ്യർ കൂട്ടിച്ചേർത്തു.
അതേസമയം, അയ്യറിന്റെ പ്രസ്താവന അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ യാഥാർത്ഥ്യമാക്കുന്ന വഴിയിലാണ് കേരളമെന്ന വിലയിരുത്തൽ അദ്ദേഹം സ്വാഗതം ചെയ്തു. വികസനവും ജനകീയ ആസൂത്രണവും മേഖലകളിൽ കേരളം മാതൃകയായിരിക്കുകയാണെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
അയ്യറിന്റെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചപ്പോൾ ഹൈക്കമാൻഡ് മണിശങ്കർ അയ്യരെ തള്ളി രംഗത്തെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിശങ്കർ അയ്യർക്ക് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. അയ്യരുടെ പരാമർശങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.











