
ന്യൂഡൽഹി: ദിവസങ്ങളോളം നീണ്ട മാരത്തൺ ചർച്ചകൾക്കും തിരക്കിട്ട കൂടിയാലോചനകൾക്കും ഒടുവിൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തിയതായി സൂചന. ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ എത്തിയ രാഹുൽ ഗാന്ധി ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട ചർച്ചകൾ നടത്തിയ ശേഷമാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചു. എന്നാൽ കൂടുതൽ വിശദീകരണങ്ങൾക്ക് തയ്യാറാകാതെയാണ് അദ്ദേഹം വീണ്ടും ഖാർഗെയുടെ വസതിയിലേക്ക് മടങ്ങിയത്.
ഇതിനിടെ, തിരുവനന്തപുരത്ത് കോൺഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗം ഇന്ന് വിളിച്ചുകൂട്ടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന്റെ തീരുമാനം മുദ്രവെച്ച കവറുമായി യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. ദീപാ ദാസ്മുൻഷിക്കൊപ്പം രണ്ട് നിരീക്ഷകരും യോഗത്തിൽ പങ്കെടുക്കും. വിജയിച്ച എല്ലാ എംഎൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ പുതിയ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് യു.ഡി.എഫ് ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗം നടക്കും. പുതിയ മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് കത്ത് കൈമാറിയ ശേഷമാകും സർക്കാർ രൂപവത്കരണത്തിനായുള്ള അവകാശവാദവുമായി ഗവർണറെ കാണാനുള്ള നടപടികൾ പുരോഗമിക്കുക.










