07:59pm 20 January 2026
NEWS
​വി.ഡി. സതീശന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ; സജി ചെറിയാന്റേത് സംഘപരിവാർ അജണ്ടയെന്ന് കെ. മുരളീധരൻ
20/01/2026  11:04 AM IST
പ്രത്യേക ലേഖകൻ
​വി.ഡി. സതീശന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ; സജി ചെറിയാന്റേത് സംഘപരിവാർ അജണ്ടയെന്ന് കെ. മുരളീധരൻ

കൊച്ചി: ​വി.ഡി. സതീശന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ; സജി ചെറിയാന്റേത് സംഘപരിവാർ അജണ്ടയെന്ന് കെ. മുരളീധരൻ
​പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉയരുന്ന വിമർശനങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹത്തിന് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. പാർട്ടി നിലപാടാണ് സതീശൻ ഉയർത്തിപ്പിടിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ ആരും മാറ്റിനിർത്തിയിട്ടില്ലെന്നും വീഴ്ചകൾ സംഭവിച്ചാൽ തിരുത്താൻ ഹൈക്കമാൻഡ് ഉണ്ടെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകൾ സി.പി.എം പൂർണ്ണമായും സംഘപരിവാർ അജണ്ടയിലേക്ക് മാറിയതിന്റെ തെളിവാണ്. എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും യോജിച്ചു പോകുന്നത് സമുദായങ്ങൾക്ക് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവനയോട് മാത്രമാണ് വിയോജിപ്പുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

​തിരഞ്ഞെടുപ്പ് ഭയം കാരണം സി.പി.എം വർഗ്ഗീയത പറയുന്നു: 

​തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സി.പി.എമ്മും സർക്കാരിനെ പിന്തുണയ്ക്കുന്നവരും വർഗ്ഗീയത പറയുന്നതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച് സി.പി.എം നടത്തുന്ന പ്രചാരണം ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്തതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും ജനങ്ങൾ ഇത്തരം നീക്കങ്ങളെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നാല് വോട്ടിന് വേണ്ടി വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കൽ ലീഗിന്റെ ലക്ഷ്യമല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.

​നവോത്ഥാന സംഘടനകളുടെ ഐക്യം കേരളത്തിന് നല്ലത്.

​കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമുദായ സംഘടനകൾ ഒന്നിച്ച് പോകുന്നത് നല്ലതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.എൻ.ഡി.പി, എൻ.എസ്.എസ്, കെ.പി.എം.എസ് തുടങ്ങിയ സംഘടനകൾക്ക് വലിയ നവോത്ഥാന പാരമ്പര്യമുണ്ട്. ഇത്തരം സംഘടനകളെ വിമർശിക്കുമ്പോൾ അതിര് കടക്കരുതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img