
കൊച്ചി: രാജ്യവ്യാപകമായി കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രീയയുടെ നിലനില്‍പ്പിനും വേണ്ടി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. 14 ന് വൈകുന്നേരം 7 മണിക്ക് ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും കലൂര്‍ സ്റ്റേഡിയത്തിലേക്ക് നടക്കുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും.
രാജ്യവ്യാപകമായി ബിജെപി കള്ളവോട്ടുകള്‍ ചേര്‍ത്തതിന് തെളിവുകള്‍ പുറത്തു വരുമ്പോള്‍, കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഎം കള്ളവോട്ട് ചേര്‍ക്കുന്നതായി തെളിവുകള്‍ പുറത്തു വരികയാണ്. കൊച്ചി കോര്‍പ്പറേഷനിലെ മുണ്ടംവേലി ഈസ്റ്റ് ഡിവിഷനില്‍ വെറും 505 സ്ക്വയര്‍ഫീറ്റ് വീട്ടില്‍ 32 കള്ളവോട്ടുകളാണ് ചേര്‍ത്തത്. മറ്റൊരു 481 സ്ക്വയര്‍ഫീറ്റ് വീട്ടില്‍ 83 വോട്ടും സമാനമായ രീതിയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഐലന്‍ഡ് ഡിവിഷനില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ ഇതര സംസ്ഥാന തൊഴിലാളികളെ വോട്ടുചേര്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്ന് നേതൃയോഗം കുറ്റപ്പെടുത്തി.
ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം കൊച്ചി കോര്പ്പറേഷന് ഭരണം നിലനിര്‍ത്താനാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കേരളത്തിലെ പല കള്ളവോട്ട് കേസുകളും കോടതിയുടെ പരിഗണനയിലാണ്. എന്നിട്ടും നിര്‍വ്യാജം കള്ളവോട്ടുചേര്ക്കാന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതിയാണെന്നും, കള്ളവോട്ടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പോരാട്ടം ശക്തമാക്കുമെന്നും നേതൃയോഗം ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് പറഞ്ഞു.
ലഹരിക്കെതിരായ രണ്ടാം ഘട്ട പ്രചരണ പരിപാടികള്‍ക്ക് യോഗം രൂപം നല്കി. പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്പ്പറേഷന് തലത്തില്‍
ഓഗസ്റ്റ് 15ന് വൈകിട്ട് നാലു മണിക്ക് ലഹരിക്കെതിരെ മനുഷ്യ മതിൽ തീര്‍ക്കും. ഇന്നും നാളെയുമായി ജില്ലയിലെ വാര്‍ഡുകളിലും ലഹരിക്കെതിരെ സിഗ്നേച്ചര്‍ കാംപയിനും നടക്കും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്, നേതാക്കളായ എന്‍ വേണുഗോപാല്‍, കെ പി ധനപാലന്, ടോണി ചമ്മിണി, എം ആര് അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ്, കെ പി ബാബു, എം ഐ ചന്ദ്രശേഖരന്, ഷെറിന് വര്‍ഗീസ്, അഡ്വ പി എന്‍ ഉണ്ണികൃഷ്ണന്, സുനില സിബി, സിജോ ജോസഫ്, കൃഷ്ണലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google








