
കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ ഫ്ളെക്സ് വിലക്ക് നിലനിൽക്കുന്നതിനിടെ എറണാകുളം പള്ളുരുത്തിയിൽ വീണ്ടും നേതാക്കൾക്ക് അനുകൂലമായ ഫ്ളെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ എംപി എന്നിവരെ പിന്തുണച്ചാണ് പുതിയ ഫ്ലക്സ് ബോർഡ്. കോൺഗ്രസ് (ഐ) പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ’ എന്ന വാചകമാണ് ബോർഡിലുള്ളത്. ഫ്ളെക്സ് സ്ഥാപിച്ചത് തന്റെ അറിവോടെയല്ലെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കിയെങ്കിലും, കോൺഗ്രസ് അനുഭാവികളാണ് ഇതിന് പിന്നിലെന്ന സൂചനയും അദ്ദേഹം നൽകി.
തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കൾ “ടീം യുഡിഎഫ്” എന്ന ഐക്യസന്ദേശം ഉയർത്തിക്കാട്ടിയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് വിരാമമിടണമെന്നും വ്യക്തിപരമായ പ്രചാരണ ഫ്ളെക്സുകൾ ഒഴിവാക്കണമെന്നും ഹൈക്കമാൻഡ് നിർദേശവും നൽകിയിരുന്നു. എന്നാൽ ആ നിർദേശങ്ങളെ മറികടന്നാണ് പള്ളുരുത്തി വെളി ബസ് സ്റ്റോപ്പിന് സമീപം പുതിയ ഫ്ളെക്സ് ഉയർന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള പ്രഖ്യാപനം വൈകുന്നതിലുള്ള അതൃപ്തിയാണ് ഇത്തരം ഫ്ളെക്സുകൾക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.










