12:54am 10 June 2026
NEWS
മീനാക്ഷി നടരാജന്റെ പത്രിക തള്ളി; ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ നാടകീയ രംഗങ്ങൾ
09/06/2026  09:35 PM IST
NILA
മീനാക്ഷി നടരാജന്റെ പത്രിക തള്ളി; ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ നാടകീയ രംഗങ്ങൾ

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. ബിജെപി നൽകിയ പരാതിയെ തുടർന്നാണ്  മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ബിജെപിയുടെ ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് റിട്ടേണിംഗ് ഓഫീസർ നടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. പരാതി നൽകാനെത്തിയ നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ ഗേറ്റിൽ തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ജയറാം രമേശ്, സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കളാണ് കമ്മീഷനെ കാണാനെത്തിയത്. എന്നാൽ പ്രതിനിധി സംഘത്തെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതോടെ നേതാക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പൊലീസും നേതാക്കളും തമ്മിൽ വാക്കേറ്റവും നടന്നു.

മാധ്യമപ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചതും വിവാദമായി. പ്രതിഷേധം അവസാനിപ്പിക്കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും നേതാക്കൾ നിലപാട് കടുപ്പിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾക്ക് പരാതി സമർപ്പിക്കാൻ അനുമതി ലഭിച്ചു.

റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ നിയമനടപടികൾ ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പത്രിക തള്ളപ്പെട്ടതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം എളുപ്പമാകുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img