
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മത്സരിക്കാൻ കളമൊരുങ്ങുന്നു. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് കോൺഗ്രസ് നേരത്തേ തന്നെ സ്വീകരിച്ചിരുന്നു. എന്നാൽ, ഈ നിലപാടിൽ കെ. സുധാകരനും അടൂർ പ്രകാശിനും ഇളവ് നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കെ സുധാകരൻ കേരള ഹൗസിൽ നിന്ന് ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ സമർപ്പിച്ചത്. കേരള ഹൗസിലെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് അടൂർ പ്രകാശ് നേരത്തെ വാങ്ങിയിരുന്നു. അവസാന നിമിഷം എംപിമാരായ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും.
മത്സരിക്കണമെന്ന് ഉറച്ചുനിന്നതോടെയാണ് ഇരുവർക്കും ഇളവ് നൽകിയേക്കാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാനവട്ടം ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
അതേസമയം, സുധാകരനും അടൂർ പ്രകാശും സ്ഥാനാർത്ഥികളാകുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് ഇപ്പോഴും ആലോചനയിൽ തുടരുകയാണ്. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രാഥമിക തീരുമാനം. കോന്നിയും കണ്ണൂരും ഒഴിവാക്കി കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്നലെ പുറത്തിറങ്ങിയിരുന്നു.











