
കണ്ണൂർ: കണ്ണൂരിൽ സിപിഎം പരിപാടി ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മോർണിങ് വാക്ക് പരിപാടിയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്നും ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു.
എകെജി പഠന ഗവേഷണ കേന്ദ്രം അന്താരാഷ്ട്ര പഠന കോൺഗ്രസിനോട് അനുബന്ധിച്ച് നടത്തിയ മോർണിങ് വാക്ക് പരിപാടിയാണ് കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമെന്നാണ് കോൺഗ്രസ് ആരോപണം. സിപിഎം പരിപാടിക്ക് കളക്ടർ ഔദ്യോഗിക സ്വഭാവം നൽകിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെയുളള സിപിഎം നേതാക്കളും പ്രവർത്തകരുമാണ് മോർണിങ് വാക്കിൽ പങ്കെടുത്തത്.











