
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കാനുറച്ച് കോൺഗ്രസ്. പരമ്പരാഗതമായി വിജയിക്കുന്ന സീറ്റുകൾ മാത്രമല്ല, കാലങ്ങളായി പരാജയപ്പെടുന്ന സീറ്റുകളും പിടിച്ചെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കാലങ്ങളായി പരാജയപ്പെടുന്ന സീറ്റുകൾ പിടിച്ചെടുക്കാൻ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാനാണ് ആലോചന. കോൺഗ്രസിന് പുറത്തുള്ള പൊതുസമ്മതരേയും മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എൻ ശക്തൻ തുടങ്ങിയ മുതിർന്ന നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടക്കുന്നത്. കോഴിക്കോട് ജില്ലയിൽ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് ഒരു എംഎൽഎപോലും ഇല്ല. ഇക്കുറി ആ കുറവ് പരിഹരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ കളത്തിലിറക്കാനാണ് കോൺഗ്രസ് ആലോചന.
നിയമസഭയിലേക്ക് ജയിക്കാനാകുന്നില്ലെങ്കിലും കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോക്സഭാ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിക്കുന്നത് മിന്നുന്ന ജയം. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കിട്ടിയത് നല്ല ഭൂരിപക്ഷമാണ്. മുല്ലപ്പള്ളി നിയമസഭയിലേക്ക് ഇറങ്ങിയാൽ ഈ സീറ്റുകളിൽ ഒന്ന് പിടിച്ചെടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കൊയിലാണ്ടിയിലോ നാദാപുരത്തോ മുല്ലപ്പള്ളിയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ചാണ് ചർച്ച പുരോഗമിക്കുന്നത്. മുല്ലപ്പള്ളി സ്ഥാനാർഥിയായാൽ ജില്ലയിലാകെ ഉണർവുണ്ടാകുമെന്നും നേതാക്കൾ കരുതുന്നു.
നിറംമങ്ങി നിൽക്കുന്ന തൃശ്ശൂർ കോൺഗ്രസിനെ കളറാക്കാൻ വി എം സുധീരനെ കൊണ്ടാകുമെന്നാണ് മറ്റൊരു ആലോചന. 16 വർഷം സുധീരൻ എംഎൽഎയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുന്നതിനൊപ്പം ജില്ലയിലെ മത്സരത്തിനാകെ മുന്നേറ്റമുണ്ടാക്കാമെന്നും കണക്കുകൂട്ടുന്നു. മത്സരരംഗത്തേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ചതാണ് നേരത്തെ സുധീരൻ.
തിരുവനന്തപുരത്ത് നാടാർ വോട്ടുകളിലെ ചോർച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. കാട്ടാക്കട, പാറശ്ശാല മണ്ഡലത്തിൽ ഏതെങ്കിലുമൊന്നിൽ എൻ ശക്തനെ വീണ്ടും ഇറക്കിയാൽ സമുദായ വോട്ടുകൾ ജില്ലയിലാകെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വട്ടിയൂർക്കാവിൽ കെ മുരളീധരൻ കൂടി മത്സരിച്ചാൽ തിരുവനന്തപുരത്ത് തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ.











