
ഡിസിസി ഓഫീസില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ബെന്നി ബെഹനാന് എംപി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം മെയ് ആറിന് കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് സ്വര്‍ണക്കടത്തു കേസില്‍ ജയിലിലാകുകയും, ഇപ്പോഴത്തെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനധികൃത സ്വത്തു സമ്പാദന കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ മാസപ്പടി വിവാദത്തില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണം നടക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ നേതാക്കളെ അനധികൃത സ്വത്തു സമ്പാദനത്തിന് ചോദ്യം ചെയ്യുന്നതടക്കം എല്ലാ തരത്തിലും മുഖ്യമന്ത്രിയും സംഘവും അഴിമതിക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് കളക്രേറ്റുകളിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ബെന്നി ബെഹനാന് എംപി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിജിപി എം ആര് അജിത് കുമാറിനെ വിട്ട് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി, ആശാ വര്‍ക്കര്‍മാരുടെയും, അംഗണ്‍വാടി ജീവനക്കാരുടെയും പ്രശ്നങ്ങളില്‍ പാലിക്കുന്ന നിശബ്ദത സംശയാതീതമാണ്. ഭരണ രംഗത്ത് അഴിമതിയുടെ കൂത്തരങ്ങായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചു തൂങ്ങി ഇരിക്കാതെ രാജി വച്ച് പുറത്തു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ അവതരിപ്പിച്ച ന്യായ് പഥ് പ്രമേയത്തിന്റെ ആശയം നിയോജക മണ്ഡലം, മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ അവതരിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലെ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കാനും നേതൃയോഗം തീരുമാനം കൈക്കൊണ്ടു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ജെ പൗലോസ്, വി പി സജീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ എസ് അശോകന്, ദീപ്തി മേരി വര്‍ഗീസ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, നേതാക്കളായ അജയ് തറയില്‍, കെ പി ധനപാലന്, ജയ്സണ്‍ ജോസഫ്, കെ ബി മുഹമ്മദ് കുട്ടി, ഐ കെ രാജു, ടോണി ചമ്മിണി, എം ആര് അഭിലാഷ്, ആശ സനല്‍, എം എ ചന്ദ്രശേഖരന്, ലൂഡി ലൂയിസ്, പി കെ അബ്ദുല്‍ റഹ്മാന്, കെ പി ബാബു, ഒ ദേവസി, സിജോ ജോസഫ്, ജോണ്‍ പഴേരി, സി എ ഷാജി, സിപി ജോയ്, കെ പി തങ്കപ്പന്, കെ വി പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










