
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കൾ തങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. രമേശ് ചെന്നിത്തലയെ മഹത്വവത്ക്കരിക്കുന്ന ‘ജനനായകൻ’ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, കെ സി വേണുഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയ ഡോക്യൂമെന്ററി ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥവും ഉടൻ പുറത്തിറങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകവും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് പുറത്തെത്തും എന്നാണ് സൂചനകൾ.
ഇതിനിടെ, കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. മുതിർന്ന നേതാവ് അജയ് തറയിലാണ് ഇക്കുറി മുഖ്യമന്ത്രി പദവി സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. ‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’ എന്ന തലക്കെട്ടിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന ഒരാൾ മുഖ്യമന്ത്രിയാകണമെന്നതാണ് അജയ് തറയിലിന്റെ പക്ഷം. ജയിലിൽ കഴിയേണ്ടി വന്ന അനുഭവവും സമരങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള അനുഭവവും ഉള്ള നേതാവാകണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
താഴെത്തട്ടിലെ പ്രവർത്തകരെ മാനിക്കുന്നതും നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയുമാകണം മുഖ്യമന്ത്രി എന്ന നിലപാടും അദ്ദേഹം പങ്കുവച്ചു. കെ സി വേണുഗോപാൽ പക്ഷത്തെ പ്രമുഖനായ അജയ് തറയിലിന്റെ ഈ അഭിപ്രായപ്രകടനം പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.










