
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ മുഖ്യമന്ത്രി ആര് എന്ന ചർച്ച വേണ്ടെന്ന കർശന നിർദ്ദേശവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വിജയം ലക്ഷ്യമിട്ട് കൂട്ടായ പ്രവർത്തനം നടത്താനും ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിൽ സംയുക്തനേതൃത്വം പാർട്ടിയെ നയിക്കുമെന്ന സന്ദേശമാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ പങ്കുവെച്ചത്.
ഇപ്പോൾ നടക്കുന്ന നേതൃകലഹം അനവസരത്തിലുള്ളതാണെന്ന് പാർട്ടി ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അത് പാർട്ടിയോട് അനുഭാവമുള്ളവരിൽപ്പോലും അവമതിപ്പുണ്ടാക്കുമെന്ന വികാരവും അവർ പങ്കുവെച്ചു. അതേസമയം, കെപിസിസി നേതൃത്വ മാറ്റം സംബന്ധിച്ച ചർച്ചകളും കൂടിയാലോചനകളും സജീവമാക്കുകയാണ് ദേശീയ നേതൃത്വംയ
സാധാരണനിലയിൽ അധികാരം കിട്ടിയാൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി മാറുന്നതാണ് കോൺഗ്രസിൽ കുറച്ചുകാലമായുള്ള സമ്പ്രദായം. നിലവിലുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദവിക്കായി അവകാശവാദം ഉന്നയിക്കുമെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി.
കഴിഞ്ഞപ്രാവശ്യം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട രമേശിനെ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതാണ് ഒരാവശ്യം. സ്വാഭാവികമായും നിലവിലുള്ള പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശനാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന താത്പര്യക്കാരുമുണ്ട്.
നേതൃമാറ്റം വേണോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്നും വേണമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ വേണമെന്നും രാഷ്ട്രീയകാര്യസമിതിയിൽ ആവശ്യമുയർന്നിരുന്നു. മാറുന്നെങ്കിൽ രണ്ടുപേരും മാറട്ടെയെന്ന ആവശ്യവും ഇതിനിടയിൽ ചില കോണുകളിൽനിന്ന് നിർദേശമായുയർന്നെങ്കിലും പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം ഹൈക്കമാൻഡ് ഗൗരവമായെടുത്തിട്ടില്ല.











