
കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കേൺഗ്രസ് കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ദേശീയപാത സംബന്ധിച്ച് കോൺഗ്രസിന്റെ പ്രചാരണം ജനം തള്ളിക്കളയുമെന്നും എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്ഘാടനത്തിനെത്തിയ മന്ത്രി വ്യക്തമാക്കി. ഏതു സ്ഥലത്തും പാലവും പാതയും തകരുന്നതിന് കാരണമാകുക നിർമ്മാണത്തിലെ പിഴവോ പരിസ്ഥിതി പ്രശ്നങ്ങളോ ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറത്ത് ദേശീയപാത തകർന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഏജൻസിയാണ് ദേശീയപാത നിർമ്മിക്കുന്നത്. അവർ കരാർ നൽകിയിരിക്കുകയാണ്. നിർമ്മാണത്തിലുണ്ടായ പിഴവുകൾ അന്വേഷിക്കേണ്ടതും പരിശോധിക്കേണ്ടതും കേന്ദ്രസർക്കാരാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാത നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ ആറായിരം കോടി നൽകി എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പങ്കെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.











