02:27pm 13 November 2025
NEWS
ജനറല്‍ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികള്‍ കൊച്ചി കോര്‍പറേഷനിലേക്കുള്ള കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
11/11/2025  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനറല്‍ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികള്‍ കൊച്ചി കോര്‍പറേഷനിലേക്കുള്ള കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചു പിടിക്കാനുറച്ച് കോണ്‍ഗ്രസ്. എല്‍ഡിഎഫിനും ബിജെപിക്കും മുമ്പേ കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ 76 ഡിവിഷനുകളില്‍ 65 ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നാല്‍പത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രഖ്യാപിച്ചത്. 

ജനറല്‍ വാര്‍ഡുകളിലേക്കടക്കം സ്ത്രീകളെ മത്സരരംഗത്തിറക്കിയാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പോരാട്ടം. സ്‌റ്റേഡിയം ഡിവിഷനില്‍ ദീപ്തി മേരി വര്‍ഗീസ്, മൂലംകുഴി ഡിവിഷനില്‍ ഷൈല തദേവൂസ്, പുതുക്കലവട്ടം ഡിവിഷനില്‍ സീന ഗോകുലന്‍ എന്നിവരാണ് ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന വനിതകള്‍. ആകെ പ്രഖ്യാപിച്ച നാല്‍പത് സീറ്റുകളില്‍ 22 വനിതകളാണ് മത്സരിക്കുന്നത്.

ഷൈനി മാത്യു (1-ഫോര്‍ട്ട്‌കൊച്ചി), റഹീന റഫീഖ് (3- ഇരവേലി), കെ എ മനാഫ് (4-കരിപ്പാലം), കവിത ഹരികുമാര്‍ (8-കരുവേലിപ്പടി), അഡ്വ ആന്റണി കുരീത്തറ (9- ഐലന്റ് നോര്‍ത്ത്), കെ വി പി കൃഷ്ണകുമാര്‍ (11- എറണാകുളം സൗത്ത്), നിര്‍മല ടീച്ചര്‍ (12-ഗാന്ധിനഗര്‍), മനു ജേക്കബ് (14-എറണാകുളം സെന്‍ട്രല്‍), ടൈസണ്‍ മാത്യു (15- എറണാകുളം നോര്‍ത്ത്), എം ജി അരിസ്‌റ്റോട്ടില്‍ (16 കലൂര്‍ സൗത്ത്, ദീപക് ജോയ് (19- അയ്യപ്പന്‍കാവ്), അഡ്വ. സെറീന ജോര്‍ജ് (20-പൊറ്റക്കുഴി), വി ആര്‍ സുധീര്‍ (21- എളമക്കര സൗത്ത്), അഡ്വ. രഞ്ജിനി ബേബി (26- എളമക്കര നോര്‍ത്ത്), സീന ഗോകുലന്‍ (27-പുതുക്കലവട്ടം), പ്രീയ രാജേഷ് (28- കുന്നുംപുറം), നിമ്മി മറിയം (29-പോണേക്കര), കെ എ വിജയകുമാര്‍ (32-ദേവന്‍കുളങ്ങര), അഡ്വ. ദീപ്തി മേരി വര്‍ഗീസ് (34- സ്റ്റേഡിയം), ഷിബി സോമന്‍ (37- പാടിവട്ടം), സാബു കോറോത്ത് (38- വെണ്ണല), അഡ്വ. പി എം നസീമ (39- ചക്കര പറമ്പ്), ബിന്ദു വിജു (40- ചളിക്കവട്ടം), പി ഡി നിഷ (42- എളംകുളം), എം എക്‌സ് സെബാസ്റ്റ്യന്‍ (44-പൊന്നുരുന്നി), സേവ്യര്‍ പി ആന്റണി (47- പൂണിത്തുറ), ആന്റണി പൈനുംതറ (50- പനമ്പിള്ളിനഗര്‍), കെ എക്‌സ് ഫ്രാന്‍സിസ് (51- പെരുമാനൂര്‍), അഭിഷേക് കെ എസ് (52-കോന്തുരുത്തി), ശാകൃത സുരേഷ്ബാബു (54- ഐലന്റ് സൗത്ത്), മോളി ഉദയന്‍ (55-കടേഭാഗം), നീതു തമ്പി (56- പള്ളുരുത്തി ഈസ്റ്റ്), എന്‍ ആര്‍ ശ്രീകുമാര്‍ (62- പള്ളുരുത്തി കച്ചേരിപ്പടി), ഷീജ പടിപ്പുരക്കല്‍ (63-നമ്പ്യാപുരം), ഗീത പ്രഭാകരന്‍ (64-പള്ളുരുത്തി), മഞ്ജു ടീച്ചര്‍ (65- പുല്ലാര്‍ദേശം), ജാന്‍സി ജോസഫ് (66-തട്ടേഭാഗം), ജോസഫ് സുമിത് (67- തോപ്പുംപടി), ഷൈല തദേവൂസ്(71- മൂലംകുഴി), കെ എസ് പ്രമോദ് (73- നസ്രത്). ഇങ്ങനെ നാല്‍പത് പേരുടെ പട്ടികയാണ് ഡിസിസി പുറത്തു വിട്ടത്. 

സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പട്ടികയാണ് കോണ്‍ഗ്രസിന്റേതെന്നും, പരിജയ സമ്പന്നരും, പുതുമുഖങ്ങളും അടങ്ങുന്ന വിജയ സാധ്യത മുന്നില്‍ കണ്ടുള്ള പട്ടികയാണ് തയ്യാറാക്കിയതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. രണ്ടാം ഘട്ട പട്ടിക ഇന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരണ സമിതിയുടെ അഴിമതിയും, കെടുകാര്യസ്ഥതയും ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, ഭരണം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നല്‍കിയ പരാതിയില്‍ വ്യക്തമായ മറുപടി അധികാരികള്‍ നല്‍കുന്നില്ലെന്നും, നിയമപരമായ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

76 സീറ്റുകളുള്ള കൊച്ചി കോര്‍പറേഷനില്‍ 65 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഏഴ് സീറ്റുകള്‍ മുസ്ലീം ലീഗും, രണ്ട് സീറ്റുകളില്‍ മുസ്ലീം ലീഗും, ആര്‍എസ്പി ഒരു സീറ്റിലും മത്സരിക്കും. കല്‍പേനി (2), മട്ടാഞ്ചേരി (6), ചക്കാമടം (7), കലൂര്‍ നോര്‍ത്ത് (17), തൃക്കണാര്‍വട്ടം (18), തമ്മനം, തളപ്പ് ഡിവിഷനുകള്‍ മുസ്ലീം ലീഗ് മത്സരിക്കും. കടവന്ത്ര, തേവര, വൈറ്റില സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ വൈറ്റില ഡിവിഷനില്‍ മുന്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം വി പി ചന്ദ്രന്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ അറിയിച്ചു. പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനില്‍ ആര്‍എസ്പിയാണ് മത്സരിക്കുക. 

പത്രസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ ബി എ അബ്ദുള്‍ മുത്തലിബ്, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img