
കർണാടക സംസ്ഥാനം വൻഭൂരിപക്ഷത്തോടെ ഭരിക്കുന്നത് കോൺഗ്രസാണെങ്കിലും തലസ്ഥാനനഗരിയായ ബംഗളുരുവിൽ ആധിപത്യം പുലർത്തുന്നത് ബിജെപിയാണ്. നാലിൽ നാല് ലോകസഭാമണ്ഡലങ്ങളും 28ൽ 16 നിയമസഭാമണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. 2020 വരെ നഗരസഭ ( ബിബിഎംപി) ഭരിച്ചതും ബിജെപിയായിരുന്നു. 2015ൽ അധികാരത്തിൽ വന്ന നഗരസഭ കൗൺസിലിന്റെ കാലാവധി 2020ൽ അവസാനിച്ചെങ്കിലും ചില നിയമ പ്രശ്നങ്ങൾ മൂലം പിന്നീട് ഇതേവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ബംഗളുരുവിന്റെ ചുമതല വഹിക്കുന്നത് ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സിന്റെ കരുത്തനായ നേതാവുമായ ഡി കെ ശിവകുമാറാണ്. ബിബിഎംപി അഞ്ചു കോർപറേഷനുകളായി വിഭജിച്ച് മുഖ്യമന്ത്രി ചെയർമാനായ ഗ്രേറ്റർ ബംഗളുരു അതോറിറ്റിയുടെ ( ജിബിഎ) കീഴിൽ കൊണ്ടുവന്നത് ശിവകുമാറാണ്. ബിജെപിയുടെ നഗരാധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യം അതിന്റെ പിന്നിലുണ്ട്. പിരിച്ചുവിട്ട ബിബിഎംപിയിൽ 198 വാർഡുകളാണ് ഉണ്ടായിരുന്നത്. അഞ്ചു കോർപറേഷനുകളിലും കൂടി ഇനി 368 വാർഡുകളാണ് ഉണ്ടാവുക. ഓരോ വാർഡിലെയും ശരാശരി ജനസംഖ്യ നാൽപതിനായിരമായിരിക്കും. വാർഡുകളുടെ അതിർത്തി നിർണ്ണയം പൂർത്തിയായിവരുന്നു. അടുത്ത വർഷം മെയ് മാസത്തിന് മുമ്പായി തെരഞ്ഞെടുപ്പ് നടക്കാനിടയുണ്ട്. പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചായി വിഭജിച്ച ബംഗളുരു നഗരസഭ പിടിച്ചടക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ബഹുമുഖ തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. സ്വാധീനം നിലനിർത്താനുള്ള ബിജെപിയുടെ പോരാട്ടത്തിൽ ഇപ്പോൾ ജെഡിഎസ്സും ഒപ്പമുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ റോഡുകളും ദുസ്സഹമായ ഗതാഗതക്കുരുക്കും നഗരത്തിന്റെ മുഖമുദ്രയാണ്. ഏഷ്യയിലെ സിലിക്കൺ വാലി എന്ന വിശേഷണമൊക്കെ ഉണ്ടെങ്കിലും നഗരത്തിന്റെ ഉൾചിത്രം ദയനീയമാണ്. റോഡിലെ കുഴിയടക്കൽ പതിവുകാഴ്ചയാണ്. ഒരു വശത്ത് കുഴികൾ അടച്ചുതീരുമ്പോൾ മറുവശത്ത് കുഴികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. അറ്റകുറ്റപ്പണികൾക്ക് ഗുണനിലവാരമില്ല. പുതിയ റോഡുനിർമ്മാണപദ്ധതികൾ നടക്കുന്നുമില്ല. അടിസ്ഥാന സൗകര്യവികസനവും പരിപാലനവും നഗരത്തിൽ മരീചികയായിമാറിയിരിക്കുന്നു. ഈ വസ്തുതകളൊക്കെ ചൂണ്ടിക്കാട്ടി വോട്ടുപിടിക്കാനാണ് പ്രതിപക്ഷം ഒരുക്കം കൂട്ടുന്നത്. നഗരത്തെ അടിമുടി മാറ്റിയെടുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ശിവകുമാർ നീങ്ങുന്നത്. തുരങ്കപ്പാത ഉൾപ്പെടെയുള്ള നൂതന പദ്ധതികൾ അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.
Photo Courtesy - Google











