
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന വിവാദത്തിൽ ബി.ജെ.പി.യ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. എല്ലാ ബി.ജെ.പി. പ്രവർത്തകരും സംഭാവനക്കൊള്ളക്കാരല്ലെങ്കിലും, എല്ലാ സംഭാവനക്കൊള്ളക്കാരും ബി.ജെ.പി.ക്കാരാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ ഉപനേതാവുമായ പ്രമോദ് തിവാരിയുടെ പരാമർശം.
അയോധ്യയിലെ വിവാദം ഇപ്പോൾ ഉയർന്നിരിക്കുന്ന സംഭാവന വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ തന്നെ ഇത്തരം ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയം തിങ്കളാഴ്ച രാജ്യസഭയിൽ കോൺഗ്രസ് ഉന്നയിക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അവധ് മേഖലയിൽ നിന്നുള്ള ആളും ഉത്തർപ്രദേശ് ടൂറിസം മന്ത്രിയായും പ്രവർത്തിച്ച അനുഭവം ചൂണ്ടിക്കാട്ടിയ തിവാരി, രാമജന്മഭൂമി പ്രസ്ഥാനം അടുത്തറിയാവുന്നയാളാണെന്ന് പറഞ്ഞു. ക്ഷേത്രനിർമാണം എന്നതിലുപരി അയോധ്യ വിഷയം രാഷ്ട്രീയമായി സജീവമായി നിലനിർത്തുകയായിരുന്നു ബി.ജെ.പി.യുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷേത്രനിർമാണത്തേക്കാൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായിരുന്നു മുൻഗണനയെന്നും, ക്ഷേത്രനിർമാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതിഷ്ഠാചടങ്ങ് നടത്തിയത് അതിന്റെ ഭാഗമാണെന്നും തിവാരി വിമർശിച്ചു. ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളെല്ലാം മോദിയുടെ താൽപര്യപ്രകാരമാണ് നിയമിച്ചതെന്നും, ട്രസ്റ്റിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയുടെ കാലത്ത് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നും തിവാരി ആരോപിച്ചു. വിഷയം കാലക്രമേണ ജനങ്ങൾ മറന്നുപോകുമെന്ന് കേന്ദ്രസർക്കാർ കരുതുന്നുണ്ടെങ്കിലും, കോടിക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.











