
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യയെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സ്ഫോടനത്തിന്റെ തീവ്രത മൂലം ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരിച്ചവരെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ഔദ്യോഗികമായി 13 പേർ മരിച്ചതായി സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്ഫോടനത്തിൽ മരിച്ച എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുദർശൻ (54, പഴയന്നൂർ), വാസുദേവൻ (54, കുമരനല്ലൂർ), സുവിൻ (40, കുണ്ടന്നൂർ), വിഷ്ണു, വിജീഷ് എന്നിവരാണ് തിരിച്ചറിഞ്ഞവരിൽ ചിലർ.
മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന്റെ വിവരമനുസരിച്ച്, ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയതിൽ അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ശേഷിക്കുന്ന നാലു മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, 23 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 11 എണ്ണം പോസ്റ്റ്‌മോർട്ടം നടത്തി, ബാക്കി ഇന്ന് പരിശോധിക്കും.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 10 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ പ്രത്യേക സംഘങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തി ചികിത്സ ശക്തമാക്കിയിട്ടുണ്ട്. ഓരോ രോഗിക്കും കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് ഏകദേശം 3.30ഓടെയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായത്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം നടന്നത്. അഞ്ച് താത്കാലിക പടക്കപ്പുരകളിലായി നിർമ്മാണം നടന്നുകൊണ്ടിരിക്കെ എല്ലായിടത്തും തീ പടർന്നു.
സ്ഫോടക വസ്തുക്കൾ പൂർണ്ണമായി നിർവീര്യമാക്കാത്തതും പ്രദേശത്ത് കനത്ത പുക നിറഞ്ഞതും രക്ഷാപ്രവർത്തനത്തെ ബുദ്ധിമുട്ടാക്കി. അപകടസമയത്ത് എത്ര പേർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. പലരും സ്ഫോടനത്തിൽ ചിതറിപ്പോയെന്ന ആശങ്കയിലാണ് അധികൃതർ. സമീപ പ്രദേശങ്ങളിലെയും വയലുകളിൽ നിന്നുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.










