
കർണാടകത്തിലെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, മുൻ സഹകരണമന്ത്രി കെ എൻ രാജണ്ണ എന്നീ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ സന്ദർശിച്ച് ചർച്ച നടത്തി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റാൻ ഉടൻ നടപടി ഉണ്ടാകണമെന്നാണ് നേതാക്കൾ ഖാർഗെയോട് ആവശ്യപ്പെട്ടത്. എസ് ടി വിഭാഗത്തിൽ പെടുന്ന ഈ രണ്ടു പ്രമുഖ നേതാക്കളും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തരാണ്. രാഹുൽ ഗാന്ധിയുടെ വോട്ടൂചോരിയെ വിമർശിച്ചു എന്നതിന്റെ പേരിലാണ് ഹൈക്കമാണ്ടിന്റെ സമ്മർദ്ദം മൂലം സിദ്ധരാമയ്യയ്‌ക്ക് രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്നത്. യഥാർത്ഥത്തിൽ രാജണ്ണ വിമർശിച്ചത് സംസ്ഥാന നേതൃത്വത്തെയായിരുന്നു. പിസിസി അധ്യക്ഷനാകാനും അതുവഴി അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനും കരുനീക്കുന്ന നേതാവാണ് സതീഷ് ജാർക്കിഹോളി. നാൽപതോളം എംഎൽഎമാരുടെ പിന്തുണ ഇദ്ദേഹത്തിന് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. സിദ്ധരാമയ്യ മാറേണ്ടിവന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഇദ്ദേഹവും അവകാശവാദമുന്നയിക്കും. ശിവകുമാർ ഒരു കാരണവശാലും മുഖ്യമന്ത്രി യാകരുതെന്ന് വാശി പിടിക്കുന്നവരാണ് രണ്ടു നേതാക്കളും. മന്ത്രിസഭയിൽ തിരിച്ചുകയറുക എന്ന ലക്ഷ്യം രാജണ്ണയ്ക്കുണ്ട്. കോന റെഡ്‌ഡി, ബസന്തപ്പ എന്നീ എംഎൽഎമാരും ഖാർഗെയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു. നിലവിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഖാർഗെ ധരിപ്പിച്ചിട്ടുണ്ടെന്നും നേതൃ മാറ്റത്തെ കുറിച്ചുള്ള ആശയക്കുഴപ്പം മാറ്റാൻ ഉചിതമായ നടപടി ഉടൻ ഉണ്ടാകുമെന്നും ജാർക്കിഹോളി വ്യക്തമാക്കി.
Photo Courtesy - Google











