11:59am 17 September 2025
NEWS
ഓണാഘോഷങ്ങളിലെ വൈരുദ്ധ്യങ്ങൾ
04/09/2025  06:44 PM IST
nila
ഓണാഘോഷങ്ങളിലെ വൈരുദ്ധ്യങ്ങൾ

ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിന്റെ ആഘോഷത്തിമിർപ്പിലാണ്. പഴയകാലത്ത് വിളവെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ഓണാഘോഷത്തിന്റെ രീതികളിൽ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. ജാതിമത ഭേദമന്യേ മലയാളികൾ ഓണം ആഘോഷിക്കും എന്ന് നമുക്കറിയാം. എന്നാൽ, അതിലും ഒരു വൈരുദ്ധ്യമുണ്ട് കേട്ടോ. ഓണം ഒരുമയുടെ മാത്രമല്ല, വൈവിധ്യങ്ങളുടെ കൂടി ആഘോഷമാണ്. അതെ, കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഓണത്തിന്റെ ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. 

പല പരമ്പരാഗത ചടങ്ങുകളും കലാരൂപങ്ങളും ഓണത്തോട് അനുബന്ധിച്ച് അരങ്ങേറാറുണ്ട് എന്നറിയാമല്ലേ. എന്നാൽ, ഇവ ഓരോ സ്ഥലത്തും വ്യത്യസ്തമാണ് എന്നതാണ് സത്യം. ഇത്തരത്തിലെ ചിലതിനെ കുറിച്ച് നമുക്കൊന്ന് അറിഞ്ഞുവന്നാലോ? 

ഓണം എന്നത് മലയാളിക്ക് ഉത്സവമാണ്. പൂക്കളുടെ വർണങ്ങളും ആഘോഷങ്ങളും ചിട്ടകളും സദ്യയും വള്ളംകളിയും എല്ലാം ചേർന്ന ഒരു നല്ല കാലത്തിന്റെ തിരിച്ചുവരവിന്റെ ഓർമകൾ എന്നു പറയാം. സങ്കൽപ്പത്തിലെ മാവേലിത്തമ്പുരാനെ വരവേൽക്കാൻ വീടുകൾ അണിഞ്ഞൊരുങ്ങുന്ന കാലം. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഓണാഘോഷത്തിന് വൈവിധ്യങ്ങളുണ്ട്. ഇതിൽ ചിട്ടകൾ മുതൽ സദ്യയിലെ വ്യത്യാസം വരെ വരുന്നുമുണ്ട്.

ഓണത്തിന് ചിലയിടങ്ങളിൽ ചില വ്യത്യസ്തമായ ചിട്ടകളും ആഘോഷങ്ങളുമുണ്ട്. പണ്ടത്തെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ഇപ്പോഴും പിൻതുടർന്നു വരുന്ന ചിലതാണ് ഇവ. ഇതിൽ ഒന്നാണ് ഓണവില്ല്. ഇത് ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നാണ്. ഓണത്തിന് പുലർച്ചെ പത്മനാഭസ്വാമിയ്ക്ക് സമർപ്പിയ്ക്കുന്ന ഒന്നാണിത്. പരമ്പരാഗതമായി ഇതുണ്ടാക്കി നൽകാൻ അവകാശമുള്ള കുടുംബക്കാരാണ് ഇത് ചെയ്യുക. 41 ദിവസത്തെ വ്രതമെടുത്താണ് ഇത് നിർമിയ്ക്കുന്നത്. കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ തടികൾ എടുത്താണ് ഇത് നിർമിയ്ക്കുന്നത്. ദശാവതാരം, അനന്തശയനം, കൃഷ്ണലീല തുടങ്ങി പുരാണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വില്ലുകളിൽ ചിത്രരൂപത്തിൽ അടയാളപ്പെടുത്തിയിരിയ്ക്കും. വാമനരൂപമെടുത്തു വന്ന വിഷ്ണുവിനോട് പത്തവതാരങ്ങളും കാണണമെന്ന് അപേക്ഷിച്ച മഹാബലിയ്ക്കു വേണ്ടി വിഷ്ണു വിശ്വകർമദേവനെ പ്രത്യക്ഷപ്പെടുത്തിയെന്നും അദ്ദേഹം മഹാബലിയ്ക്ക് പത്തവതാരം കാണിയ്ക്കാനായി ഓണവില്ല് നിർമിച്ചുവെന്നുമാണ് ഐതിഹ്യം.

ചിലയിടങ്ങളിൽ ഓണത്തോട് അനുബന്ധിച്ചുള്ള ഒരു കലാപരിപാടിയാണ് ഓണത്തല്ല്. ഇത് പേര് സൂചിപ്പിയ്ക്കുന്നതു പോലെ ഓണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക വിനോദമാണ്. ഈ തല്ലിൽ കൈ പരത്തിയുള്ള അടിയും തടവും മാത്രമേ പാടുള്ളൂവെന്നതാണ് പ്രത്യേകത. മുഷ്ടി ചുരുട്ടിയുള്ള അടിയും ഇടിയും പാടില്ല. രണ്ട് ചേരിക്കാരായി തിരിഞ്ഞാണ് ഇത് നടത്തുക. തല്ലു തുടങ്ങിയാൽ ഒരു പക്ഷത്തിന് വിജയം ലഭിയ്ക്കാതെ അവസാനിപ്പിയ്ക്കരുതെന്നാണ് ചിട്ട. ഇത്തരം തല്ല് പരിശീലിപ്പിയ്ക്കുന്ന ചില കളരികൾ വരെയുണ്ടായിരുന്നു. ഇപ്പോഴും ഒരു ചടങ്ങും ഒപ്പം വിനോദവും എന്ന രീതിയിൽ ഇത് നടക്കുന്നുണ്ട്.

ഓണവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമാണ് ഓണപ്പൊട്ടൻ. വടക്കൻ കേരളത്തിലാണ് ഓണപ്പൊട്ടൻ പ്രധാനമായും ഉള്ളത്. അതായത്, തെയ്യവും തിറയുമെല്ലാമുള്ള നാടുകളിൽ. ഇത് പ്രധാനമായും ഒരു തെയ്യം രൂപം തന്നെയാണ്. ഉത്രാടനാളിലാണ് പ്രധാനമായും ഈ തെയ്യം വീട്ടിലെത്തുക. കൈതനാരു കൊണ്ട് മുടിയും കുരുത്തോലക്കുടയും മുഖത്തു ചായവുമാണ് ഓണപ്പൊട്ടന്റെ വേണം. നിലത്തൊരിയ്ക്കലും കാലുറപ്പിച്ചു നിൽക്കാതെ താളം ചവിട്ടുകയും ഓടുകയുമെല്ലാമാണ് ഓണപ്പൊട്ടൻ ചെയ്യുക. ഓണേശ്വരൻ എന്നും ഓണപ്പൊട്ടൻ അറിയപ്പെടുന്നു. മഹാബലിയുടെ രൂപമാണ് ഇതാണ് എന്നാണ് വിശ്വാസം. സംസാരിയ്ക്കാത്ത ഓണപ്പൊട്ടൻ മണി കിലുക്കിയാണ് തന്റെയും ഒപ്പം ഓണത്തിന്റെയും വരവറിയിക്കുന്നത്. ഓണപ്പൊട്ടിന് വീടുകളിൽ നിന്നും ദക്ഷിണയായി അരിയും പണവുമെല്ലാം നൽകും. വാ മൂടിയ അലങ്കാരമാണ് ഈ തെയ്യം രൂപത്തിന്റേത്. ഓണപ്പൊട്ടൻ സന്ദർശിക്കുന്നതിലൂടെ വീട്ടിൽ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img