05:48am 14 November 2026
NEWS

യുഎഇയിലെ എല്ലാത്തരം ഡ്രൈവിങ് ലൈസൻസുകളും സ്വന്തമാക്കിയ അപൂർവ വനിതകളിൽ ഒരാൾ; കൊല്ലത്തുകാരി സുജ മലയാളികളുടെ അഭിമാനം

14/01/2026  11:23 AM IST
nila
 യുഎഇയിലെ എല്ലാത്തരം ഡ്രൈവിങ് ലൈസൻസുകളും സ്വന്തമാക്കിയ അപൂർവ വനിതകളിൽ ഒരാൾ; കൊല്ലത്തുകാരി സുജ മലയാളികളുടെ അഭിമാനം

കൊല്ലം സ്വദേശിനിയായ യുവതി ദുബായിലെ റോഡുകളിലൂടെ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് ഒരു സിനിമാ കഥപോലെ ഹൃദ്യമാണ്. കുരീപ്പുഴക്കാരി സുജ തങ്കച്ചന്റെ യാത്ര അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ്. സ്കൂൾ ബസ് കണ്ടക്ടറായി ജോലി ആരംഭിച്ച സുജ ഇന്ന് യുഎഇയിൽ ലഭ്യമായ എല്ലാ തരത്തിലുള്ള ഡ്രൈവിങ് ലൈസൻസുകളും സ്വന്തമാക്കിയ അപൂർവ വനിതകളിൽ ഒരാളാണ്. ജോലി തേടി ദുബായിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസ് കണ്ടക്ടറുടെ കുപ്പായം.

നാട്ടിൽ സ്കൂട്ടർ മാത്രമേ ഓടിച്ച പരിചയമുണ്ടായിരുന്നുള്ളൂ. ഏഴ് വർഷം മുൻപ് യുഎഇയിലെത്തിയ ശേഷം കഠിന പരിശീലനത്തിലൂടെയും തുടർച്ചയായ പരീക്ഷണങ്ങളിലൂടെയുമാണ് മോട്ടോർബൈക്ക്, ലൈറ്റ് വെഹിക്കിൾ, ഹെവി വെഹിക്കിൾ, ട്രക്ക്–ട്രെയിലർ ലൈസൻസുകൾ സ്വന്തമാക്കിയത്. ആദ്യ ഹെവി ലൈസൻസ് ഏഴാം ശ്രമത്തിലാണ് ലഭിച്ചത്.

ദുബായിലെ ‘ദ് മില്ലെനിയം സ്കൂൾ’ ബസ് ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന സുജ, വലിയ സ്കൂൾ ബസ് ഓടിക്കുന്ന ഏക മലയാളി വനിതയെന്ന അംഗീകാരവും നേടി. കുടുംബത്തിന്റെയും സ്കൂൾ അധികൃതരുടെയും പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് സുജ പറയുന്നു.

കുരുന്നുകളുടെ സുരക്ഷയാണ് തന്റെ ഉത്തരവാദിത്വമെന്നും, അവരുടെ ചിരികൾക്കിടയിൽ വളയം തിരിക്കുന്ന ഈ ജോലി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെന്നും 33കാരിയായ സുജ ആത്മവിശ്വാസത്തോടെ പറയുന്നു. ഈ യാത്ര അനേകം പ്രവാസി വനിതകൾക്ക് പ്രചോദനമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img